സ്വന്തം ലേഖകൻ
തൃശൂർ: ഇന്ന് മ്മടെ തൃശൂരിന്റെ പിറന്നാളല്ലേ…സപ്തതിയാഘോഷം…ന്നാ ദാ പിടിച്ചോ ഒരു തൃശൂർ പാട്ട്..
ഠ വട്ടത്തിലുള്ള തൃശൂർ സ്വരാജ് റൗണ്ടിനെ കുറിച്ച് തുടങ്ങുന്ന പാട്ട് തൃശൂർ അവിണിശേരി സ്വദേശി എടത്തേടത്ത് അപ്പുട്ടിയെന്ന യുവഗാനരചയിതാവാണ് എഴുതിയിരിക്കുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന ജീവ സംവിധാനം ചെയ്ത ശക്തൻ മാർക്കറ്റ് എന്ന സിനിമയുടെ ടൈറ്റിൽ സോംഗ് ആയാണ് തൃശൂരിനെകുറിച്ചുള്ള ഈ പാട്ട് ഒരുക്കിയിരിക്കുന്നത്.
ഠഠഠ വട്ടത്തിൽ എല്ലാം കിട്ടണനാട് തൃശിവപേരൂർ നമ്മുടെ തൃശിവപേരൂർ… എന്നാണ് ഗാനത്തിന്റെ തുടക്കം. വട്ടത്തിലങ്ങനെ വിലസുന്ന സ്വരാജ് റൗണ്ടിനെ ചെണ്ട വട്ടത്തോടും തിമിലവട്ടത്തോടും മദ്ദളവട്ടത്തോടുംം ചെണ്ട ുമല്ലി പൂവട്ടത്തോടും അപ്പുട്ടി ഉപമിക്കുന്നുണ്ട്.
വടക്കുന്നാഥനും പുത്തൻപള്ളിയും അരിയങ്ങാടിയും വെള്ളയപ്പത്തെരുവും അഞ്ചുവിളക്കും വടക്കേചിറയും വഞ്ചിക്കുളവും കോർപറേഷൻ ഓഫീസിൽ നിന്ന് മുഴങ്ങുന്ന സൈറണും തേക്കിൻകാട് മൈതാനത്തെ ചീട്ടുകളിക്കൂട്ടവും എല്ലാം ഈ ഗാനത്തിലൂടെ തൃശൂരിന്റെ കാഴ്ചകളായി നിറയുന്നു.
മലയാള അക്ഷരമാലയിലെ വ്യഞ്ജനാക്ഷരത്തിൽപെടുന്ന ഠ എന്ന അക്ഷരം തുടർച്ചയായി നാലുവരികളിൽ വരുന്ന പല്ലവിയാണ് ഈ ഗാനത്തിന്റെ പ്രത്യേകതയെന്ന് പാട്ടെഴുതിയ അപ്പുട്ടി പറയുന്നു.യൂ ട്യൂബിൽ നിരവധി പേർ ഇതിനകം ഈ തൃശൂർ ഗാനം ആസ്വദിച്ചു കഴിഞ്ഞു.
പലരും മൊബൈൽ ഫോണിന്റെ റിംഗ് ടോണായും ഈ തൃശൂർപാട്ടിനെ ഉപയോഗിക്കുന്നുണ്ട ്.തൃശൂർ എരുമപ്പെട്ടി സ്വദേശി വിനുലാലാണ് രസകരമായ ഈ തൃശൂർ പാട്ടിന് ഈണമിട്ടത്. വിനുലാൽ, സുധി സുബ്രഹ്മണ്യൻ, ബിനീഷ് ഉണ്ണി, റഫീഖ്് ഷാ എന്നീ നാലുപേർ ചേർന്നാണ് പാടിയിരിക്കുന്നത്.