തൊടുപുഴ: അതിരുവിട്ട രീതിയിൽ പിറന്നാൾ ആഘോഷം നടത്തി ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പങ്കെടുത്ത കോളജ് വിദ്യാർഥികളുടെയും ഇരയെന്നു കരുതുന്ന വിദ്യാർഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ആഘോഷം തന്റെ അറിവോടെയായിരുന്നുവെന്നും പരാതിയില്ലെന്നും ഇരയായ വിദ്യാർഥി പോലീസിനു മൊഴി നൽകി.
എന്നാൽ, സമൂഹത്തിൽ മോശം സന്ദേശം നൽകുന്ന തരത്തിൽ ഭീതിജനകമായ ദൃശ്യം ചിത്രീകരിച്ചു പ്രചരിപ്പിച്ച സംഭവത്തിൽ, കേസുമായി മുന്നോട്ടു പോകുമെന്നു പോലീസ് അറിയിച്ചു. തൊടുപുഴയ്ക്കു സമീപമുള്ള കോളജിലെ ആറും നാലും സെമസ്റ്റർ ബികോം കംപ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ മൊഴിയാണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയെടുത്തത്.
പരീക്ഷയ്ക്കു മുന്നോടിയായി 26, 27 തീയതികളിൽ കോളജിന് അവധിയായിരുന്നു. ഈ ദിവസങ്ങളിലാണു സംഭവം നടന്നതെന്നു പോലീസ് പറഞ്ഞു. ആഷിഫ് എന്ന വിദ്യാർഥിയെയാണ് കോളജിനു സമീപത്തെ റോഡിലെ പോസ്റ്റിൽ കെട്ടിയിട്ടതെന്നു പോലീസ് പറഞ്ഞു. ആഘോഷം നടത്തിയ സംഘത്തിൽ 12 പേരുണ്ടായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത്തരം ആഘോഷങ്ങൾ പതിവാണ്. കൈ കെട്ടിയിരുന്നില്ല. എന്നാൽ, സംഭവം വിവാദമാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു വിദ്യാർഥി പോലീസിനോടു പറഞ്ഞു.
വീഡിയോ ചിത്രീകരിക്കാൻ വേണ്ടി സഹപാഠിയുടെമേൽ ചാണകവെള്ള അഭിഷേകം വരെ നടത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വലിയ പ്രതിഷേധമുയർന്നത്.