ബംഗളൂരു: കർണാടകയിൽ ലോക്ക്ഡൗൺ ലംഘിച്ച് പിറന്നാൾ ആഘോഷിച്ച് ബിജെപി എംഎൽഎ. വെള്ളിയാഴ്ച നൂറുകണക്കിന് അനുയായികളുമായി എംഎൽഎ എം ജയറാം ആണ് പിറന്നാൾ ആഘോഷിച്ചത്. തുമകുരു ജില്ലയിലെ തുരുവേകരെ മണ്ഡലത്തിൽനിന്നുള്ള ബിജെപി ജനപ്രതിനിധിയാണ് ജയറാം.
ചടങ്ങിൽ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. വെളുത്ത കൈയുറകൾ ധരിച്ച് ഇയാൾ ചോക്ലേറ്റ് കേക്ക് മുറിച്ച് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കൈമാറി.
ബംഗളൂരുവിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. ഇവിടെ എത്തിയ എല്ലാവർക്കും ബിരിയാണി വിളമ്പുകയും ചെയ്തിരുന്നു.
നേരത്തെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തന്നെ ലോക്ക്ഡൗൺ ലംഘിച്ചിരുന്നു. മാർച്ച് 15 ന് ബെൽഗാവിയിൽ നടന്ന ബിജെപി നേതാവിന്റെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തു.