ജനനനിരക്ക് കുറവുള്ള പ്രദേശമായാണ് യൂറോപ്പിനെ കണക്കാക്കുന്നത്. ഇപ്പോള്‍ ആ പാതയിലാണ് ദക്ഷിണ കൊറിയയും.
2021ലെ രാജ്യത്തെ ഫെര്‍ട്ടിലിറ്റി നിരക്കുകളെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വന്നത് ഇതാണ് സൂചിപ്പിക്കുന്നത്.
ഇക്കാലയളവില്‍ നവജാത ശിശുക്കളുടെ എണ്ണം 266,000 ആയി കുറഞ്ഞിരിക്കുകയാണ്. ഇത് മുന്‍വര്‍ഷത്തേക്കാളും 11,800 എണ്ണം (4.3 ശതമാനം) കുറവാണ്.
എന്നാല്‍ 35 വയസിനു മുകളിലുള്ള സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കൊറിയയാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
1970 വരെ പ്രതിവര്‍ഷം പത്തുലക്ഷത്തോളം നവജാത ശിശുക്കള്‍ക്കാണ് ദക്ഷിണ കൊറിയ ജന്മം നല്‍കിയിരുന്നത്.
എന്നാല്‍ ഇത് 2001 ആയപ്പോള്‍ നേര് പകുതിയായി കുറയുകയായിരുന്നു. പിന്നീട് ഇത് അവിടെ നിന്നും താഴേക്ക് വരുന്ന കാഴ്ചയാണുണ്ടായത്.
2002 ല്‍ 400,000 ആയും 2017ല്‍ ഇത് 300,000 ആയും കുറഞ്ഞു. ലോകത്താകമാനം കൊവിഡ് പിടിപെട്ട് ആളുകള്‍ വീട്ടിനകത്തിരുന്ന 2020ല്‍ സൂപ്പര്‍ ബൂം(ജനനനിരക്കില്‍ വന്‍വര്‍ധന) ഉണ്ടാവുമെന്ന് വ്യാപക പ്രവചനമുണ്ടായിരുന്നുവെങ്കിലും ദക്ഷിണ കൊറിയയില്‍ ജനിച്ചവരുടെ എണ്ണം 200,000 ആയി കുറയുകയാണുണ്ടായത്. ദക്ഷിണ കൊറിയയില്‍ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് 0.81 ആണ്.
രാജ്യത്ത് ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. 2020ല്‍ രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളില്‍ ജനിച്ച കുട്ടികളുടെ എണ്ണം 21,000 ആയിരുന്നു.
എന്നാല്‍ ഈ വര്‍ഷത്തെ കണക്കില്‍ 5.9 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജനനസമയത്തെ ലിംഗാനുപാതത്തില്‍ 100 പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ എണ്ണം 0.3 വര്‍ദ്ധിച്ച് 105.1 ആയി.