തിരുവനന്തപുരം : കിളിക്കൂടുകളിൽ സൂക്ഷിച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ വിലയുള്ള വളർത്തു പക്ഷികളെ മോഷ്ടിച്ച കേസിൽ മൂന്നു പേരെ പോലീസ് പിടികൂടി.
കഴിഞ്ഞ ഡിസംബർ 10 ന് കരമന നെടുങ്കാടുള്ള വെങ്കിട ഗിരിയുടെ വീട്ടിൽ നിന്നും ’സൺ കോൺറെ’ ഇനത്തിൽപ്പെട്ട വിലപിടിപ്പുള്ള എട്ട് അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസിൽ കീഴാറന്നൂർ സ്വദേശികളായ ശരത് (32), രജീഷ് (21), സൂരജ് (19) എന്നിവരെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കരമന പോലിസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പക്ഷികളെ വിൽപ്പന നടത്തിയതായി കണ്ടെത്തിയിരുന്നു.തുടർന്ന് പോലീസ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി മനസിലാക്കിയ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ഫോർട്ട് അസി.കമ്മീഷണർ പ്രതാപൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരമന എസ്എച്ച്ഒ ചന്ദ്രബാബു, എസ്ഐ പ്രതീഷ് കുമാർ, സിപിഒ വിനോദ് എന്നിരടങ്ങിയ പോലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.