സെബി മാളിയേക്കൽ
തൃശൂർ: കേരളത്തിന്റെ നാട്ടുപക്ഷികളുടെയും വിരുന്നിനെത്തുന്ന ദേശാടനക്കിളികളുടെയും മുഴുവൻ വൈവിധ്യവും വിവരങ്ങളും ശാസ്ത്രീയമായി രേഖപ്പെടുത്തിയ പക്ഷിഭൂപടം (ബേർഡ് അറ്റ്ലസ്) ഒരുങ്ങി.
സന്പൂർണ പക്ഷിഭൂപടം നിർമിച്ച സംസ്ഥാനമെന്ന ഖ്യാതിയോടെ കേരളവും ഇവിടത്തെ പക്ഷി നിരീക്ഷകരും ഇതോടെ ചരിത്രത്തിൽ ഇടം നേടും.
ആയിരത്തിലേറെ പക്ഷിനിരീക്ഷകർ അഞ്ചുവർഷം നടത്തിയ ഭഗീരഥ പ്രയത്നത്തിന്റെ സൂക്ഷ്മ പരിശോധനയും വിശകലനവും അവസാന ഘട്ടത്തിലാണ്.
തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള 38,863 ചതുരശ്ര കിലോമീറ്റർ 6.6 കിലോമീറ്റർ നീളവും വീതിയുമുള്ള 4324 ചത്വരങ്ങളായി (ഗ്രിഡുകൾ) വിഭജിച്ച് അവിടെ കാണുന്ന പക്ഷികളുടെ എണ്ണവും ഇനവും രേഖപ്പെടുത്തിയായിരുന്നു സർവേ.
ഇവയെ വീണ്ടും നാല് ഉപചത്വരങ്ങളായി (സബ് സെൽ) തിരിച്ചു. ഇത്തരം ഓരോ ഉപ ചത്വരങ്ങളിലും വർഷത്തിൽ രണ്ടുതവണ ഒരു മണിക്കൂർവീതം സർവേയ്ക്കായി മാറ്റിവച്ചു.
ജൂലൈ പകുതി മുതൽ സെപ്റ്റംബർ പകുതിവരെയുള്ള ഒന്പതു വാരാന്ത്യങ്ങളിലായി 60 ദിനങ്ങളിലും ജനുവരി പകുതി മുതൽ മാർച്ച് പകുതിവരെയുള്ള ഒന്പതു വാരാന്ത്യങ്ങളിലെ 60 ദിനങ്ങളിലുമാണ് സർവേ നടത്തിയത്. രാവിലെ ആറുമുതൽ പത്തുവരെയും വൈകിട്ട് നാലുമുതൽ ആറുവരെയും ആയിരുന്നു സർവേ.
ആദ്യം തൃശൂരിലും ആലപ്പുഴയിലും സർവേ പൂർത്തിയാക്കി ബുക്കുകൾ പ്രസിദ്ധീകരിച്ചു. പിന്നീട് കണ്ണൂരും കാസർഗോഡും കോട്ടയത്തും 2018 ഓടെ സർവേ പൂർത്തിയായി.
ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എല്ലാ ജില്ലകളിലെയും സർവേ പൂർത്തിയായി. ഇപ്പോൾ കാർഷിക സർവകലാശാല വന്യജീവി വിഭാഗം മേധാവി ഡോ. പി.ഒ. നമീറിന്റെയും ബേർഡ് കൗണ്ട് ഇന്ത്യ പ്രതിനിധി ജെ. പ്രവീണിന്റെയും നേതൃത്വത്തിൽ ഏകോപനം അവസാന ഘട്ടത്തിലാണ്.
കോവിഡ് നിയന്ത്രണങ്ങൾ മൂലം അറ്റ്ലസിന്റെ പ്രകാശനം ജനുവരിയിലായേക്കും.