മെൽബണ്‍: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചുറ്റിക്കറങ്ങാനിറങ്ങിയ രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരുൾപ്പെടെ ടീം ഇന്ത്യയിലെ അഞ്ച് താരങ്ങൾ സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചു.
ഓസ്ട്രേലിയൻ പര്യടനത്തിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് വ്യക്തമായതോടെയാണ് താരങ്ങളെ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. നവദീപ് സെയ്നി, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരാണ് ഐസലേഷനിൽ പ്രവേശിച്ച മറ്റ് താരങ്ങൾ.
ഓസ്ട്രേലിയൻ, ഇന്ത്യൻ മെഡിക്കൽ ടീമുകളുടെ ഉപദേശപ്രകാരം മുൻകരുതലിന്റെ ഭാഗമായാണ് കളിക്കാരെ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. ടീമിനൊപ്പം യാത്രചെയ്യാനും പരിശീലന വേദിയിലും ഇവർക്ക് വിലക്കുണ്ട്.
ബയോ ബബിൾ ലംഘിച്ച് താരങ്ങൾ റെസ്റ്റോറൻഡിൽ ഭക്ഷണം കഴിക്കാൻ എത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരി ച്ചതോടെയാണ് സംഭവം വിവാദമായത്. ഹോട്ടലിന് പുറത്ത് ഋഷഭ് പന്ത് ആരാധകനെ കെട്ടിപ്പിടിച്ചെന്നും വാർത്തകളുണ്ട്.
സിഡ്നിയിൽ ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിന്റെ മുന്നൊരുക്കത്തിലാണ് ടീം. ജനുവരി നാലിന് മാത്രമേ ടീം മെൽബണിൽ നിന്നും സിഡ്നിയിലേക്ക് തിരിക്കൂ.