കറുകച്ചാൽ: കെഎസ്ആർടിസി വനിതാ കണ്ടക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ സ്വകാര്യബസ് ജീവനക്കാർക്കെതിരേ കറുകച്ചാൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ചങ്ങനാശേരി-കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടറാണു പരാതി നൽകിയത്. ചങ്ങനാശേരിയിൽ നിന്നും ഉച്ചകഴിഞ്ഞ് 2.10നാണു കെഎസ്ആർടിസി കുമളിക്ക് പുറപ്പെടുന്നത്.
2.30നു സ്വകാര്യബസ് കന്പംമെട്ടിലേക്കും പുറപ്പെടും. ചങ്ങനാശേരിയിൽ നിന്നും പുറപ്പെട്ട ഇരു ബസുകളും ഒരു പോലെ കറുകച്ചാൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ സ്വകാര്യബസ് ജീവനക്കാർ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് വനിതാ കണ്ടക്ടർ പറയുന്നത്.
രാവിലെ 6.55നു കുമളിയിൽ നിന്നും പുറപ്പെടുന്ന സ്വകാര്യബസ് 8.45നു മുണ്ടക്കയത്ത് എത്തി. ഒന്പതിനു ചങ്ങനാശേരിയിലേക്കു പുറപ്പെടണം. എന്നാൽ കെഎസ്ആർടിസിയുമായി മത്സരിച്ചെത്തുന്ന സ്വകാര്യബസ് 8.30നു മുന്പ് മുണ്ടക്കയത്ത് എത്തും.
സമയം നഷ്ടമാകുന്നതിനാൽ ടിക്കറ്റെടുത്ത യാത്രക്കാർ മറ്റു ബസുകളിൽ കയറിയാണു യാത്ര ചെയ്യുന്നതും. സംഭവത്തിൽ യാത്രക്കാർ ഇതേ സ്വകാര്യബസിനെതിരേ പെരുവന്താനം പോലീസിലും പരാതി നൽകിയതാണ്.