തൃശൂർ: കർഷകർക്ക് സാന്ത്വനവും വാങ്ങിക്കാനെത്തുന്നവർക്ക് ആശ്വാസവുമായി ബിഷപ്സ് ഹൗസിൽ ഹരിത സാന്ത്വനം. കർഷകർക്ക് പരമാവധി വില നൽകി എല്ലാവിധ പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ട് തുടങ്ങിയ പച്ചക്കറി ചന്തയ്ക്കാണ് കൂടുതൽ പ്രചാരമേറിയിരിക്കുന്നത്.
അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് കർഷകരെ സഹായിക്കാനായി ബിഷപ്സ് ഹൗസിൽ പച്ചക്കറി ചന്ത ആരംഭിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിൽ കർഷകർ ഡൗണായി പോകുന്നതുകണ്ടാണ് സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂണ് അഞ്ചിന് പച്ചക്കറി ചന്ത ആരംഭിച്ചത്.
അട്ടപ്പാടിയിലെ കർഷകർ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നത് കണ്ടു അവിടെയെത്തി കർഷകരിൽ നിന്നു നേന്ത്രക്കായ വാങ്ങികൊണ്ടുവന്നായിരുന്നു തുടക്കം. അവിടെയുള്ള കർഷകർക്കു പുതുജീവൻ ലഭിച്ചതോടെയാണ് തൃശൂരിലെ കർഷകരുടെയും വേദനകൾ മാറ്റാൻ രംഗത്തിറങ്ങിയത്.
കർഷകരുടെ മനസറിഞ്ഞ് അവർക്ക് സാന്ത്വനം നൽകാൻ തുടങ്ങിയ പച്ചക്കറി ചന്ത തുടക്കത്തിൽ ആഴ്ചയിൽ രണ്ടു ദിവസമായിരുന്നുവെങ്കിൽ ഇപ്പോൾ ഞായറാഴ്ച ഒഴിച്ച എല്ലാ ദിവസവും നടത്തുന്നുണ്ട്.
വീട്ടിൽ ഉൽപാദിപ്പിക്കുന്ന ജൈവ ഉൽപന്നങ്ങൾ നേരിട്ട് കൊണ്ടുവന്നാൽ യാതൊരു കമ്മീഷനും ഇല്ലാതെ പരമാവധി വിലയ്ക്ക് വാങ്ങിയാണ് ചന്തയിൽ വിൽപനയ്ക്ക് വയ്ക്കുന്നത്. ചെലവിനുള്ള നിസാര ലാഭം മാത്രമെടുത്താണ് വിൽപന.
ഓണത്തിനാവശ്യമുള്ള എല്ലാ പച്ചക്കറികളും ഇവിടെ എത്തുന്നുണ്ട്.
ഇന്ന് ബിഷപ്സ് ഹൗസിൽ ഉൽപാദിപ്പിച്ച പയറാണ് സ്പെഷൽ. 65 രൂപയാണു സ്പെഷൽ പയറിന് വില. യാതൊരു മരുന്നോ വിഷമോ ഇല്ലാതെ വിളയിച്ചതാണ് ഈ പയർ എന്നതാണ് പ്രത്യേകത.
നേന്ത്രക്കായ, വെണ്ടയ്ക്ക, പയർ, ചേന, കുന്പളങ്ങ, മത്തങ്ങ, കുക്കുന്പർ, പാവയ്ക്ക, തേങ്ങ തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ ലഭിക്കും. ഇവിടെയെത്തുന്ന പച്ചക്കറികളൊക്കെ ഉച്ചയാകുന്പോഴേക്കും തീരും. എന്നാൽ അടുത്ത ദിവസം എത്തുന്ന പച്ചക്കറികൾ കാത്തിരുന്നതാണ് ആളുകൾ വാങ്ങിക്കാനെത്തുന്നത്.