തിരുവനന്തപുരം: അറിവും അനുഭവവും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ പ്രായോഗികമാക്കിയതിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ബിസ്മി റാണി എന്ന അധ്യാപിക.
ഭക്ഷണം കഴിയ്ക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച് മരണത്തെ മുഖാമുഖം കണ്ട അധ്യാപികയ്ക്കാണ് ബിസ്മി റാണി എന്ന അധ്യാപികയുടെ അവസരോചിതമായ ഇടപെടൽ പുതുജീവൻ നൽകിയത്.
പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയ ക്യാന്പായ അടൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് കഴിഞ്ഞ ദിവസം അധ്യാപക സമൂഹത്തിന് ആശ്വസിക്കാൻ ഇടയായ സംഭവം നടന്നത്.
കൊട്ടാരക്കര വാളകം ഹയർ സെക്കന്ററി സ്കൂളിലെ കെമിസ്ട്രി വിഭാഗം അധ്യാപികയായ നിഷ പി ജോണിന്റെ ജീവനാണ് തൃശൂർ കഴിന്പ്രം ബിപിഎം എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ ബിസ്മി റാണിയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷിക്കാനായത്.
പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ മൂല്യനിർണയ ക്യാന്പായ അടൂർ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ മൂല്യനിർണയത്തിനെത്തിയതായിരുന്നു നിഷയും ബിസ്മിയും ഉൾപ്പെടെയുള്ള അധ്യാപികമാർ.
രാവിലെയുള്ള മൂല്യനിർണയത്തിന് ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുന്നതിനിടെയാണ് നിഷ ടീച്ചറുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാതെ കണ്ണിലെ കൃഷ്ണമണികൾ അടയുകയും തളർന്ന് വീഴുകയും ചെയ്ത നിഷ ടീച്ചറുടെ അവസ്ഥ കണ്ട് മറ്റ് അധ്യാപികമാർ വാവിട്ട് കരഞ്ഞ് നിലവിളിച്ചു.
ഈ സന്ദർഭത്തിലാണ് ബിസ്മി റാണി ടീച്ചർ മുന്നോട്ട് വന്ന് നിഷ ടീച്ചറെ പിടിച്ച് എഴുന്നേറ്റിരുത്തി മുതുക് ഭാഗത്തും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും ശക്തിയായി ഇടിച്ച് ശ്വാസഗതി പൂർവ സ്ഥിതിയിലാക്കി വേണ്ട പ്രഥമ ശുശ്രൂഷകൾ നൽകിയത്. പ്രാഥമിക ശുശ്രൂഷ നൽകി നിഷ ടീച്ചർക്ക് പുതുജീവൻ നൽകിയ ബിസ്മി യെ സഹ അധ്യാപികമാർ അഭിനന്ദിച്ചു.
ഈ സംഭവം അറിഞ്ഞ് നിരവധി അധ്യാപകരും ജനപ്രതിനിധികളും ബിസ്മി ടീച്ചർക്ക് അഭിനന്ദനം അറിയിച്ചു. ഈ അടുത്തകാലത്ത് തൃശൂരിലെ ഒരു റെസ്റ്റോറന്റിൽ വച്ച് ഇത്തരത്തിൽ ഭക്ഷണം കഴിയ്ക്കവെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒരു ഡോക്ടർ മരിച്ച സംഭവം ബിസ്മി ടീച്ചറുടെ മനസ്സിൽ ഓടിയെത്തിയിരുന്നു.
അന്ന് ഇത്തരത്തിൽ ആർക്കെങ്കിലും സംഭവിച്ചാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെകുറിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി ഡോക്ടർമാർ മാർഗനിർദേശം നൽകിയിരുന്നു. ഈ കാര്യങ്ങൾ ബിസ്മി ടീച്ചർ മനസിലാക്കിയിരുന്നു. തനിക്ക് അന്ന് ലഭിച്ച അറിവാണ് സഹ അധ്യാപികയുടെ ജീവൻ രക്ഷിക്കാൻ പ്രചോദനമായതെന്ന് ബിസ്മി ടീച്ചർ രാഷ്ട്രദീപികയോട് പറഞ്ഞു.
മൂല്യ നിർണയ ക്യാന്പിൽ ബിസ്മി ടീച്ചറുടെ മേധാവിയായിരുന്നു നിഷ ടീച്ചർ. കൊട്ടാരക്കര പുത്തൂർ ഐവർക്കാല ഗ്രീൻവില്ലയിൽ താമസിക്കുന്ന ബിസ്മി റാണി കഴിഞ്ഞ മൂന്ന് വർഷക്കാലമായി തൃശൂരിലെ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച് വരികയാണ്.
ഭർത്താവ്- കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിലെ സർക്കിൾ ഇൻസ്പെക്ടർ അശ്വിത്ത്. ഇരട്ടകുട്ടികളും മൂന്നാം ക്ലാസ് വിദ്യാർഥികളുമായ ഓംകാറും ശ്രാവണും മക്കളാണ്.