ന്യൂഡൽഹി: വർച്വൽ കറൻസിയായ ബിറ്റ് കോയിനിൽ നിക്ഷേപിക്കുന്നവർക്ക് നിക്ഷേപിക്കാം. എന്നാൽ, എന്തെങ്കിലും പാളിച്ച സംഭവിച്ച് പരാതിയുമായെത്തിയാൽ നിയമ പരിരക്ഷ ലഭിക്കില്ലെന്നു കേന്ദ്രസർക്കാർ. ലോകരാജ്യങ്ങളിലെ ബിറ്റ്കോയിൻ തരംഗത്തിനൊപ്പം രാജ്യത്തും ബിറ്റ്കോയിൻ ജ്വരം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം രംഗത്തെത്തിയത്.
ഒരു കുമിളപോലെ ഉയർന്നുവന്ന ബിറ്റ് കോയിൻ എപ്പോൾ വേണമെങ്കിലും നിക്ഷേപകർക്ക് നഷ്ടം നല്കാം. കഷ്ടപ്പെട്ടു സന്പാദിച്ച പണം വെറുതെ നശിപ്പിച്ചു കളയേണ്ട എന്നാണ് സർക്കാർ നിലപാട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വ്യാജ, നിയമാനുസൃതമല്ലാത്ത ഇടപാടുകളിൽ നിക്ഷേപം നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വർച്വൽ കറൻസികൾ ഡിജിറ്റൽ/ഇലക്ട്രോണിക് ഫോർമാറ്റിലാണ് ശേഖരിക്കപ്പെടുന്നത്. ഹാക്ക് ചെയ്യാനും പാസ്വേഡ് നഷ്ടപ്പെടാനും മാൽവേർ ആക്രമണത്തിനും സാധ്യതയുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നു സംഭവിച്ചാൽപോലും പൂർണമായും പണം നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.