സീയൂൾ: നാല് ആഴ്ചത്തെ തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ ക്രിപ്റ്റോകറൻസി ബിറ്റ്കോയിന് തളർച്ച. ഇന്നലെ വില 18 ശതമാനമിടിഞ്ഞ് 11,000 ഡോളറിനോടടുത്തു. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഒരു ബിറ്റ്കോയിന് വില 7.05 ലക്ഷം രൂപ.
ദക്ഷിണകൊറിയ ക്രിപ്റ്റോകറൻസികൾക്കു നിരോധനമെർപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വാങ്ങലുകാരായിരുന്നവർ തങ്ങളുടെ ബിറ്റ്കോയിനുകൾ വിറ്റഴിക്കാൻ മത്സരിച്ചു. ഇതോടെ വില കുത്തനെ ഇടിഞ്ഞു.
ബിറ്റ്കോയിന്റെ പ്രധാന എതിരാളിയായ ഇഥേറിയം എന്ന ക്രിപ്റ്റോകറൻസിയുടെ വില 23 ശതമാനമാണ് ഇടിഞ്ഞത്. അടുത്ത വലിയ ക്രിപ്റ്റോകറൻസിയായ റിപ്പിൾ 33 ശതമാനം ഇടിഞ്ഞു.
ദക്ഷിണകൊറിയൻ ധനമന്ത്രി കിം ഡോംഗ് യോൺ പ്രാദേശിക റേഡിയോസ്റ്റേഷനിൽ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾ വൈകാതെ നിരോധിക്കുമെന്ന് വെളിപ്പെടുത്തിയതായതാണ് ഡിജിറ്റൽ കറൻസി ഇടപാടുകാരെ ഭീതിയിലാഴ്ത്തിയത്. എന്നാൽ, അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ദക്ഷിണകൊറിയൻ സർക്കാർ പറയുന്നത്.