സൂര്യ നാരായണൻ
കൊച്ചി: സിനിമാ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്നുകേസിലെ ഇടപാടുകൾ നടന്നതു ബിറ്റ്കോയിന് വഴി. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ സീരിയല്‍നടി അനിഘ ഉള്‍പ്പെടെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ മുന്നില്‍ ഇക്കാര്യം സമ്മതിച്ചെന്നാണ് അറിയുന്നത്. മയക്കുമരുന്നു കച്ചവടത്തിനു പിന്നില്‍ ബിറ്റ് കോയിന് ഉപയോഗിക്കുന്നതു കള്ളക്കടത്തുകാരുടെ പതിവായിട്ടുണ്ട്.
ഇതു കൂടാതെ തീവ്രവാദ സംഘങ്ങളും ദേശവിരുദ്ധ ശക്തികളും ബിറ്റ്കോയിന് ഇടപാടുകൾ നടത്തുന്നുണ്ട്. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളും ബിറ്റ്കോയിന് ഇടപാടിനെ ആശ്രയിക്കുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ചു ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
ബിറ്റ്കോയിൻ ഇടപാടുകാരുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തുക ശ്രമകരമായതിനാൽ സൈബര്സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
എന്താണ് ബിറ്റ്കോയിൻ
ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്. ഇതു ലോഹ നിര്‍മിത നാണയമോ കടലാസ് നോട്ടോ അല്ല.
കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര് കോഡാണ്. ഇവയെ ‘ക്രിപ്റ്റോ കറന്‍സി’ എന്നും വിളിക്കാറുണ്ട്. ബിറ്റ് കോയിന് ഉപയോഗിക്കുന്നതു മൂലം അന്വേഷണ ഏജന്‍സികള്‍ക്കു പ്രതികളുടെ സാമ്പത്തിക സ്രോതസ് പെട്ടെന്നു കണ്ടുപിടിക്കാന്‍ സാധിക്കില്ല.
ഇവരുടെ അനുവാദമില്ലാതെ ഈ ബിറ്റ്കോയിന് ഇടപാട് കണ്ടെത്താനും കഴിയില്ല. ബിറ്റ് കോയിന് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഒരു കണക്കു പുസ്തകമുണ്ട്.
ഇതിന്റെ പേരാണ് ബ്ലോക്ക് ചെയിന്‍. പാസ്വേര്ഡ് ഉപയോഗിച്ചു രഹസ്യമാക്കി വച്ചിരിക്കുന്നതിനാല്‍ പരിശോധിക്കപ്പെടാന്‍ കഴിയില്ല. ഇതോടെ ലഹരിക്കടത്തുകാരുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തുക വിഷമകരമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
തീവ്രവാദത്തിനും കള്ളക്കടത്തിനും
സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത് തുടങ്ങി അന്താരാഷ്ട്ര കള്ളക്കടത്തിനു പ്രതികള്‍ ഉപയോഗിക്കുന്ന കറന്‍സിയാണ് ബിറ്റ് കോയിന്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനും ലഹരി വില്‍പ്പന, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍
എന്നിവയ്ക്കും ബിറ്റ്കോയിന് സഹായകമാകും എന്ന ആശങ്കയാല്‍ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കറന്‍സി ഉപയോഗിക്കുന്നതു മൂലം ഇന്ത്യയും മറ്റു ലോക രാജ്യങ്ങളും ഈ കറന്‍സി അംഗീകരിച്ചിട്ടില്ല.
മലയാളികളുടെ ബിറ്റ് കോയിന് ഇടപാടിനുള്ള രണ്ട് കമ്പനികള്‍ മലേഷ്യയിലുണ്ട്. നിരവധി മലയാളികള്‍ ഇവിടെ ബിസിനസ് ചെയ്യുന്നുണ്ട്. പലരും തട്ടിപ്പിനിരയാകുന്നുണ്ട്. കോടികളുടെ ബിസിനസാണ് ഇതിലൂടെ നടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഈ ഇടപടല്‍ വ്യാപകമാണ്.
കരിപ്പൂര്‍വിമാനത്താവളം വഴി മലേഷ്യയിലേക്കു ഈ ബിസിനസിനു വേണ്ടി മാത്രം പോകുന്ന സംഘമുണ്ടെന്നുള്ള കാര്യവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
ബിറ്റ് കോയിൻദുരൂഹതയിൽ മലയാളി യുവാവിന്റെ കൊലപാതകം
കൊച്ചി: സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത് എന്നീ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ബിറ്റ് കോയിന് ഉപയോഗിച്ചിട്ടുണ്ടെന്ന പ്രതികളുടെ മൊഴി ആശങ്കാജനകം.
കേരളത്തില്‍ വ്യാപകമായ രീതിയില്‍ ബിറ്റ് കോയിന് വഴി വ്യാപാരം നടക്കുന്നുണ്ട്. കോടികളുടെ ബിറ്റ്കോയിന് തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന മലയാളി യുവാവ് ഡെറാഡൂണില്‍ കൊല്ലപ്പെട്ടതായി വിവരം പുറത്തു വന്നതോടെയാണ് ബിറ്റ് കോയിന് ഇടപാടുകൾ ഇവിടെ ചർച്ചയാകുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി യുവാവും ഇയാളുടെ പിതാവിന്റെ മറ്റൊരു ഭാര്യയിലുള്ള മകനും ചേര്‍ന്നു മലേഷ്യന്‍ ബിറ്റ് കോയിന്റെ പേരില്‍ കേരളത്തിലെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്ഗോ ഡ് ജില്ലകളില്‍നിന്നും
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും നിരവധി പേരില്‍നിന്നായി 300 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചു തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ക്വട്ടേഷന്‍സംഘം ഇയാളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
സ്വര്‍ണക്കടത്തിനും ലഹരി ഇടപാടുകള്‍ക്കും മറയാക്കുന്ന ഡാര്‍ക് വെബ്സൈറ്റുകളുണ്ട്. സൈബര്‍ ലോകത്തെ അധോലോകം എന്നറിയപ്പെടുന്ന ഡാര്‍ക് വെബ്സൈറ്റുകള്‍ പരതി ഇടപാടുകാരുടെ വിശദാംശങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല.
ഡാര്‍ക് വെബ് സന്ദര്‍ശിക്കുന്നവരുടെ ഇന്റര്‍നെറ്റ് വിലാസം കണ്ടെത്താനും ആകില്ല. കറന്‍സിക്കു പകരം ബിറ്റ്കോയിന് വഴിയാണ് ഇടപാട്. അതുകൊണ്ടാണ് ഈ സംവിധാനം മയക്കുമരുന്ന് സ്വര്ണകടത്തുകാർ ഉപയോഗിക്കുന്ന ത്.
കൊലപാതകങ്ങളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കൽ, അവയവ വില്പന, കുട്ടികളെ തട്ടിക്കൊണ്ടു പോകലിന്റെ ഇടപാടുകൾ, വ്യാജ രേഖകള്‍ നിര്‍മിച്ചു നൽകൽ തുടങ്ങി നിയമവിരുദ്ധമായ എന്തും നടക്കുന്ന ഇടമാണ് ഇത്.