മുംബൈ: ബിറ്റ്കോയിൻ പോലുള്ള ഗൂഢ കറൻസികൾ കൈകാര്യം ചെയ്യുന്നതിനു റിസർവ് ബാങ്കിന്റെ വിലക്ക്. പേമെന്റ് ബാങ്കുകളും മറ്റും തങ്ങളുടെ ഡാറ്റ ഇന്ത്യയിലെ സെർവറുകളിലേ സൂക്ഷിക്കാവൂ എന്നും റിസർവ് ബാങ്ക്.ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന പണനയ കമ്മിറ്റി യോഗത്തിനുശേഷം ബാങ്ക് അറിയിച്ചതാണ് ഈ തീരുമാനങ്ങൾ.
ബാങ്കുകൾ, ബാങ്കിതര ധനകാര്യ കന്പനികൾ, പേമെന്റ് സംവിധാനങ്ങൾ തുടങ്ങി റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ വരുന്ന സ്ഥാപനങ്ങൾക്കെല്ലാം ഗൂഢ കറൻസി വിലക്ക് ബാധകമാണ്. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി ഇന്റർനെറ്റിലൂടെ ഉപയോഗിക്കുന്നതാണു ഗൂഢകറൻസികൾ. ഇതിൽ ഏറ്റവും വലുത് ബിറ്റ്കോയിൻ ആയിരുന്നു.
ഒരു ബിറ്റ്കോയിന് 17,000 ഡോളർ വരെ വില ഉയർന്നിട്ട് ഇപ്പോൾ 6000 ഡോളറിലേക്കു താന്നിരിക്കുകയാണ്. ഇപ്പോൾ ഗൂഢ കറൻസികളുമായി ബന്ധമുള്ള സ്ഥാപനങ്ങൾ നിശ്ചിത കാലാവധിക്കകം ബന്ധം അവസാനിപ്പിക്കണം. ഗൂഢകറൻസികളെപ്പറ്റി റിസർവ് ബാങ്ക് നേരത്തെ ഒന്നിലേറെത്തവണ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.
ഇതേസമയം, ഡിജിറ്റൽ കറൻസി നടപ്പാക്കാനുള്ള സാധ്യതയെപ്പറ്റി പഠിക്കാൻ റിസർവ് ബാങ്ക് കമ്മിറ്റിയെ വച്ചു. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും ഈ വിഷയം പഠിച്ചുവരികയാണ്. കറൻസിയും നാണയങ്ങളും കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങളും അസൗകര്യങ്ങളും മാറിയ സാങ്കേതിക സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ പഠനം.
പേടിഎം പോലുള്ള എല്ലാ പേമെന്റ് സംവിധാനങ്ങളും അവരുടെ ഡാറ്റ ഇന്ത്യയിലെ സെർവറുകളിൽ മാത്രമേ സൂക്ഷിക്കാവൂ എന്നും ബാങ്ക് നിർദേശിച്ചു. ഇപ്പോൾ പലരും വിദേശത്തെ സെർവറുകളിലാണ് ഇന്ത്യക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്നത്.
ജിവിഎ മാറ്റി
സാന്പത്തികവളർച്ചയെപ്പറ്റിയുള്ള വിലയിരുത്തലിൽ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) പുനഃസ്ഥാപിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. 2015 മുതൽ ജിവിഎ(മൊത്ത മൂല്യവർധന) ആണ് ഉപയോഗിച്ചിരിക്കുന്നത്. ജിഡിപിയിൽനിന്നു പരോക്ഷ നികുതികളും സബ്സിഡികളും തട്ടിക്കിഴിച്ചുള്ളതാണു ജിവിഎ.
ഇതു നല്കുന്ന ചിത്രം അത്ര കൃത്യമല്ലെന്ന തിരിച്ചറിവിനെത്തുടർന്നാണു 2015നു മുന്പുണ്ടായിരുന്ന രീതിയിലേക്കു മാറുന്നത്. ഗവൺമെന്റിന്റെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) റിസർവ് ബാങ്കും ഒന്നിച്ചാണു ജിവിഎ സ്വീകരിച്ചത്. ഇപ്പോൾ ഒന്നിച്ചുതന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു.