മുംബൈ: രാജ്യത്തെ പ്രമുഖ ഗൂഢ കറൻസി എക്സ്ചേഞ്ച് ആയ കോയിൻ സെക്യുറിൽ 19 കോടി രൂപ വിലയുള്ള ബിറ്റ്കോയിൻ മോഷണം. 438 ബിറ്റ്കോയിനുകളാണു കവർന്നത്. കന്പനിയിലെ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. അമിതാഭ് സക്സേനയെ സംശയിക്കുന്നതായി കാണിച്ചു കന്പനി പോലീസിൽ പരാതി നൽകി.
സക്സേന രാജ്യം വിട്ടുപോകാതിരിക്കാൻ പാസ്പോർട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടു. കോയിൻ സെക്യുറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) മൊഹിത് കാൽറയാണു പരാതി കൊടുത്തിരിക്കുന്നത്.
ഇടപാടുകാരുടെ പണം തിരിച്ചെടുക്കാൻ എല്ലാ ശ്രമവും നടത്തിവരികയാണെന്ന് കോയിൻ സെക്യുർ ഇടപാടുകാരെ അറിയിച്ചു. ഇടപാടുകാർക്കു ബിറ്റ്കോയിൻ ഗോൾഡ് വിതരണം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് നഷ്ടം ശ്രദ്ധയിൽപ്പെട്ടതത്രെ.
കംപ്യൂട്ടർ പ്രോഗ്രാമിൽ അധിഷ്ഠിതമാണു ബിറ്റ്കോയിൻ പോലുള്ള ഗൂഢ കറൻസികൾ. നിശ്ചിത സംഖ്യ ബിറ്റ് കോയിനുകളേ ഉണ്ടാക്കാനാവൂ. ഈ ദൗർലഭ്യമാണ് അവയ്ക്കു വില ഉണ്ടാക്കുന്നത്. 19,000- ഡോളർവരെ വിലവന്ന ബിറ്റ്കോയിന് ഇപ്പോൾ 7000 ഡോളറിൽ താഴെയാണു വില. റിസർവ് ബാങ്ക് ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളോടു ബിറ്റ്കോയിൻ കൈകാര്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ വലുത്
ഇന്ത്യയിൽ ബിറ്റ്കോയിൻ അടക്കമുള്ള ഗൂഢ കറൻസികളുടെ ഇടപാടിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പാണു കോയിൻ സെക്യുറിലേത്. എന്നാൽ വിദേശത്ത് ഇതിലും വളരെ കൂടിയ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. അവയിൽ ചിലത്.
1. ജപ്പാനിലെ കോയിൻചെക്കിൽ
എൻഇഎം എന്ന ഗൂഢ കറൻസിയുടെ എക്സ്ചേഞ്ച് ആയ കോയിൻ ചെക്കിലായിരുന്നു കവർച്ച. 53 കോടി ഡോളർ (3445 കോടി രൂപ) വിലയുള്ള ഗൂഢ കറൻസി നഷ്ടമായി. നഷ്ടം ഭാഗികമായി നികത്താനേ കന്പനി തയാറായുള്ളൂ. ഈ വർഷമാദ്യമാണു സംഭവം.
2. ജപ്പാനിലെ മൗണ്ട് ഗോക്സിൽ
2014ൽ നടന്ന ഈ തട്ടിപ്പിൽ നഷ്ടമായത് 48 കോടി ഡോളർ (3120 കോടി രൂപ). കന്പനി പിന്നീടു പാപ്പർ സംരക്ഷണം തേടേണ്ടിവന്നു.
3. ഹോങ്കോംഗിലെ ബിറ്റ്ഫിനെക്സ്.
ആറു കോടി ഡോളർ (390 കോടി രൂപ) വില വരുന്ന ഒരു ലക്ഷം ബിറ്റ്കോയിൻ 2016-ൽ നഷ്ടപ്പെട്ടു.
4. ഇറ്റലിയിലെ ബിറ്റ്ഗ്രെയിൽ
നാനോ എന്ന ഗൂഢ കറൻസിയുടെ 170 ലക്ഷം യൂണിറ്റ് രണ്ടുമാസം മുന്പ് നഷ്ടപ്പെട്ടു. 17 കോടി ഡോളർ വിലയുള്ളതാണിത്. ഇതേത്തുടർന്നു വ്യാപാരം കുറേ നാൾ നിർത്തിവച്ചു.