പെരുമ്പാവൂർ: പെരുമ്പാവൂരിൽനിന്നു പോലീസ് പിടികൂടിയ എൽഎസ്ഡി സ്റ്റാമ്പുകൾ പ്രതികൾ വാങ്ങുന്നത് ഒൺലൈൻ വഴിയെന്ന് കണ്ടെത്തൽ. ബിറ്റ് കോയിൻ ഉപയോഗിച്ച് വരുത്തിച്ച സ്റ്റാമ്പുകളാണ് പെരുമ്പാവൂരെത്തിയത്.
വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പനക്കായാണ് സ്റ്റാംപ് കൊണ്ടുവന്നത്. ചില ഡി.ജെ പാർട്ടികളിലും ഇവ ഉപയോഗിക്കാറുണ്ട്. ഒരു സ്റ്റാംപ് നാല് കഷ്ണം വരെയാക്കി നാക്കിനടിയിൽ ഇടും.
നാലു മണിക്കൂർ വരെ ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. സ്റ്റാംപിന്റെ ഉപയോഗം ഗുരുതര അസുഖങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കും.
1500ലധികം രൂപയ്ക്കാണ് ഒരു സ്റ്റാംപ് ഇവർ വിൽക്കുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇവരുടെ പ്രധാന വിൽപ്പന. കഴിഞ്ഞ ദിവസം 45 എൽഎസ്ഡി സ്റ്റാമ്പുമായി എഞ്ചിനിയറിംഗ് വിദ്യാർഥിയായ
കോഴിക്കോട് വെള്ളിമാട് വളപ്പിൽ അമൽ ദേവ് (20), വഴിക്കടവ് താഴത്തേ വിട്ടിൽ ജുനൈസ് (19), കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21) എന്നിവരെ പെരുമ്പാവൂരിൽനിന്നു ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.
റൂറൽ ജില്ലയിൽ ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ എൽഎസ്ഡി സ്റ്റാംപ് വേട്ടയാണിത്. ഇവരുടെ വിൽപ്പനയെക്കുറിച്ചും എത്തിച്ചതിനെക്കുറിച്ചും ഇത് ഉപയോഗിക്കുന്നവരെപ്പറ്റിയും സമഗ്രമായി അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.