അഴിമതി, കള്ളപ്പണം എന്നീ അസുഖങ്ങളെ രാജ്യത്തു നിന്ന് വേരോടെ ഇല്ലാതാക്കാനായി പ്രയോഗിച്ച കയ്‌പ്പേറിയ ഔഷധമായിരുന്നു നോട്ടുനിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മധ്യപ്രദേശില്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
‘ കയ്‌പ്പേറിയ, വീര്യമേറിയ മരുന്നാണ് അത്യന്തം അപകടകരമായ അസുഖങ്ങളെ വേരോറെ പിഴുതെറിയാന്‍ നാം ഉപയോഗിക്കുക. സമാനമായ രീതിയില്‍ രാജ്യത്തെ ബാധിച്ച അഴിമതി എന്ന അസുഖത്തെ ഇല്ലാതാക്കാന്‍ ഞാന്‍ ഒരു മരുന്ന് പരീക്ഷിക്കുകയായിരുന്നു .അതുപക്ഷേ കുറച്ചധികം കയ്‌പ്പേറിയതായിരുന്നു എന്നുമാത്രം.
വീടുകളിലും ഓഫീസുകളിലും കട്ടിലിലെ ബെഡിന്റെ അടിയിലുമെല്ലാം പണം സൂക്ഷിച്ചു വച്ചിരുന്നവര്‍, ഇപ്പോള്‍ കൃത്യമായി ടാക്‌സ് അടയ്ക്കുകയാണ്. ആ നികുതിപ്പണം പാവങ്ങളുടെ ക്ഷേമത്തിനായി ഞങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. മോദി കൂട്ടിച്ചേര്‍ത്തു.
കടം എഴുതി തള്ളുമെന്ന കോണ്‍ഗ്രസിന്റെ കപടവാഗ്ദാനത്തെ വിശ്വസിക്കരുതെന്ന് കര്‍ഷകരെ ഓര്‍മപ്പെടുത്തുകയാണെന്നും മോദി പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മോദി അവകാശപ്പെട്ടു. പത്ത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്തത് വെറും നാല് വര്‍ഷം കൊണ്ട് തങ്ങള്‍ ചെയ്ത് കാണിച്ചില്ലേയെന്നും മോദി ആരാഞ്ഞു.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം, യുവാക്കള്‍ക്ക് വരുമാനം, കര്‍ഷകര്‍ക്ക് ജലസേചന സംവിധാനങ്ങള്‍, പ്രായമായവര്‍ക്ക് മരുന്നും ചികിത്സയും എന്നതാണ് തങ്ങളുടെ മന്ത്രമെന്നും മോദി കൂട്ടിച്ചേര്‍ത്തു.