കൊച്ചി: ഭാര്യ നാലാമതും ഗർഭവതിയായതിനെത്തുടർന്നു സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പരിഹാസം തന്നെ മാനസികമായി തളർത്തിയെന്നും ഇതേത്തുടർന്നാണു കുഞ്ഞിനെ ഉപേക്ഷിക്കാൻ തയാറായതെന്നും അറസ്റ്റിലായ പിതാവ് ബിറ്റോ.
കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്നതിൽ ഇപ്പോൾ ദുഃഖിക്കുന്നതായും കുഞ്ഞിനെ വളർത്താൻ തങ്ങൾ സന്നദ്ധരാണെന്നും ബിറ്റോയും ഭാര്യ പ്രവിതയും പോലീസിനോടു പറഞ്ഞു.
നിയമപരമായി കുഞ്ഞിനെ തിരിച്ചുകിട്ടാൻ ശ്രമിക്കുമെന്നും ദന്പതികൾ അറിയിച്ചു. നിലവിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിട്ടുള്ള കുഞ്ഞിനെ മാതാപിതാക്കൾക്കു വിട്ടുകിട്ടാൻ കോടതിയുടെ അനുമതി ആവശ്യമാണ്. ഉപേക്ഷിക്കാൻ ശ്രമിച്ച പെണ്‍കുഞ്ഞിനെ കൂടാതെ എട്ട്, ആറ്, മൂന്ന് വയസുകളിലുള്ള മൂന്ന് ആണ്‍കുട്ടികളാണു ബിറ്റോ-പ്രവിത ദന്പതികൾക്കുള്ളത്.
ഭാര്യ പ്രവിത നാലാമത് ഗർഭിണിയാണെന്ന വിവരം ബിറ്റോ അധികംപേരെ അറിയിച്ചിരുന്നില്ല. തൃശൂരിലെ സർക്കാർ ആശുപത്രിയിൽ പ്രസവം നടന്നശേഷം മണിക്കൂറുകൾക്കകം അധികൃതരുടെ അനുമതിയില്ലാതെ ഇവിടെനിന്നു കടക്കുകയായിരുന്നു.
കൊച്ചിയിലെത്തി ഇടപ്പള്ളി പള്ളിയിൽ കുഞ്ഞിനെ ഉപേക്ഷിച്ചതു വിവരം ആരും അറിയില്ലെന്ന ധാരണയിലായിരുന്നു. എന്നാൽ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ പ്ലാൻ പൊളിഞ്ഞു. പ്ലന്പിംഗ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന ബിറ്റോയുടെ കുടുംബത്തിനു കാര്യമായ സാന്പത്തിക പരാധീനതകളില്ലെന്നു പോലീസ് പറഞ്ഞു.