കിഴക്കമ്പലം: പ്ലാസ്റ്റിക് ഒഴിവാക്കി പലചരക്ക് കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ഒരു എംടെക്കുകാരൻ. കോതമംഗലം സ്വദേശി ബിട്ടു മാത്യുവാണ് കോലഞ്ചേരിയിൽ ഗ്രീൻ സ്റ്റോർ എന്ന പേരിൽ സൂപ്പർമാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. കടയിലെത്തുന്ന ഉപഭോക്താക്കളോട് ബിട്ടു സ്നേഹപൂർവം ഇങ്ങനെ പറയുന്നു, പാൽ വേണോ? പാത്രം കൊണ്ടുവരണം…, കുപ്പിയുമായി വന്നാൽ വെള്ളം തരാം.
കേരളത്തിലെ ആദ്യത്തെ പ്ളാസ്റ്റിക് വിരുദ്ധ സൂപ്പർ മാർക്കറ്റെന്നാണ് ബിട്ടു തന്റെ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. എയ്റോനോട്ടിക് എംടെക്കുകാരനായ ബിട്ടു ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് പ്ലാസ്റ്റിക്ക് വിമുക്ത പലചരക്കു കച്ചവടം എങ്ങനെ വിജയിപ്പിക്കാനാകുമെന്ന് തെളിയിച്ചത്. ഒമ്പത് മാസം കൊണ്ട് കട ലാഭകരമായി. കുറഞ്ഞ വിലയിൽ മികച്ച സാധനങ്ങൾ കിട്ടുന്നതിനാൽ ഉപഭോക്താക്കളും ഹാപ്പി.
ഒന്നര വർഷം കൊണ്ടാണ് വിദേശത്തുനിന്നുള്ള പ്രത്യേക കാനുകളും മറ്റും വരുത്തി സൂപ്പർ മാർക്കറ്റ് സംവിധാനം ഒരുക്കിയത്. എല്ലാം സെൽഫ് സർവീസ്. തനിയെ സാധനങ്ങൾ എടുത്ത് സ്വയം തൂക്കി വില സ്റ്റിക്കർ ഒട്ടിച്ച് കൗണ്ടറിൽ നൽകണം.
കറിപ്പൊടികളും ധാന്യങ്ങളും എണ്ണയുമൊക്കെ സിംപിളായി പേപ്പർ കവറുകളിലും കുപ്പികളിലും വീഴുന്ന സംവിധാനങ്ങൾ കടയിൽ ഒരുക്കിയിട്ടുണ്ട്. പാലും എണ്ണയും മിനറൽ വാട്ടറും കുപ്പികളുമായി വന്നാലേ കിട്ടൂ. അഞ്ചു രൂപയ്ക്ക് ഒരു ലിറ്റർ തണുത്ത വെള്ളം വാങ്ങാം. നാട്ടിലെ കറവക്കാരോട് പാൽ നേരിട്ടു വാങ്ങി ഫ്രിഡ്ജിൽ വയ്ക്കുകയാണ് ഇവിടെ.
വിദേശ യാത്രക്കിടെ ലണ്ടനിലെ എർത്ത് ഫുഡ് ലവ് സൂപ്പർ മാർക്കറ്റിൽ നിന്നുമുള്ള പ്രചോദനമാണ് ബിട്ടുവിനെ നൂതന സംരംഭത്തിലേക്ക് നയിച്ചത്. വേണ്ടവർക്ക് ചൈനീസ് നിർമിത പ്രത്യേക തരം അടപ്പോടെയുള്ള കുപ്പി ഒന്നിന് നൂറു രൂപയ്ക്ക് കടയിൽ കിട്ടും. കഴുകി ഉണക്കി തിരിച്ച് കൊടുത്താൽ മുഴുവൻ പണവും തിരികെ ലഭിക്കുകയും ചെയ്യും. പ്ളാസ്റ്റിക് കിറ്റിനു പകരം തുണി സഞ്ചി വില 15-35 രൂപ.
നാട്ടിലെ കർഷകരോട് വാങ്ങുന്ന പച്ചക്കറികളാണ് ഷോപ്പിലുള്ളവയിൽ അധികപങ്കും. മുള കൊണ്ടു നിർമിച്ചവയാണ് വില്പനയ്ക്കുള്ള ടൂത്ത് ബ്രഷുകൾ. ബിസ്കറ്റ്, നാപ്കിൻ, കുട്ടികളുടെ ഭക്ഷണപൊടികൾ തുടങ്ങിയവ മാത്രമാണ് ഇപ്പോൾ പ്ളാസ്റ്റിക് കവറുകളിൽ വിൽക്കുന്നത്. അതും ഒഴിവാക്കാനാണ് ശ്രമം. ദിവസം ശരാശരി 200 ഉപഭോക്താക്കൾ കടയിലെത്തുന്നുണ്ടെന്ന് ബിട്ടു പറയുന്നു.