കോട്ടയം: ഹെല്‍മറ്റ് ധരിച്ച് ബിവറേജില്‍ മോഷണം നടത്തിയ ബ്രാണ്ടി കള്ളന് കുടുങ്ങി. ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലുമാണ് ഞാലിയാകുഴി സ്വദേശിയായ ബ്രാണ്ടി കള്ളന് കുടുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ കുപ്പി മോഷണം പോയത്.
മുമ്പും സമാന രീതിയില്‍ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്തു നിന്നും പല രീതിയില്‍ മോഷണം നടന്നതിനാൽ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍, ഞായറാഴ്ച ഒരേ റാക്കില്‍ അടുത്തടുത്തായി ലാഫ്രാന്‍സിന്റെ രണ്ട് മദ്യക്കുപ്പികളാണ് വച്ചിരുന്നത്. അതുകൊണ്ടുതന്നെ സിസി ടിവി കാമറാ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
സംഭവത്തെത്തുടർന്ന് രണ്ടു ദിവസമായി ബിവറേജ് ജീവനക്കാര്‍ ഇവിടെ എത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു.
ഇതിനിടെയാണ് ഇന്നലെ രാത്രി 7.30ന് ഹെല്‍മറ്റ് ധരിച്ച് സമാന രീതിയില്‍ ഒരാള്‍ ബിവറേജിന്റെ സമീപത്ത് എത്തിയത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബിവറേജിന്റെ സമീപത്ത് അല്പ നേരം നിന്ന ഇയാള്‍ തിരക്ക് വര്‍ധിച്ച ശേഷമാണ് അകത്ത് കയറിയത്.
തുടര്‍ന്ന്, ഇവിടെ നിന്നും മദ്യം എടുക്കാന്‍ ശ്രമിച്ചു. ഈ സമയം ബിവറേജസിലെ ജീവനക്കാര്‍ സിസിടിവി കാമറ നിരീക്ഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ സ്ഥലത്തു നിന്നു രക്ഷപെടുകയായിരുന്നു.
ബിവറേജില്നിന്നു പുറത്തിറങ്ങി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനു സമീപത്തേക്ക് ഓടി. ഈ സമയം പിന്നാലെ ഓടിയെത്തിയ ജീവനക്കാര്‍ ബൈക്കിന്റെ ചിത്രം പകര്‍ത്തി ചിങ്ങവനം പോലീസിനു കൈമാറുകയുമായിരുന്നു. പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഞാലിയാകുഴി സ്വദേശി പിടിയിലായത്.