വടശേരിക്കര: വീട്ടിൽ ഉറങ്ങാൻ കിടന്ന 11 കാരനെ കാണാതായ വാർത്ത കേട്ടാണ് ഇന്നലെ പെരുനാട് ഗ്രാമം ഉണർന്നത്. നാലു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് ആശ്വാസമായത്.
അമ്മാവന്റെ മൊബൈൽ ഫോണ്‍ കൂടി കുട്ടി എടുത്തിരുന്നതിനാൽ അന്വേഷണത്തിനു സഹായമായി. കുട്ടിയുടെ കുടുംബം നേരത്തെ താമസിച്ചിരുന്ന മാവേലിക്കരയിലെ വീടിനടുത്തുള്ള കൂട്ടുകാരെ തേടിയാണ് യാത്രയായതെന്ന് കുട്ടി പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് കുടുംബം മാവേലിക്കരിയിൽ നിന്ന് പെരുനാട് കൂനംകര നെടുമണ്‍ തൊണ്ടിക്കയത്തേക്ക് മാറി താമസിച്ചത്. തലേദിവസം അമ്മാവനൊപ്പം ഉറങ്ങിക്കിടന്ന ആറാം ക്ലാസുകാരനെ വ്യാഴാഴ്ച പുലർച്ചെ ആറോടെയാണ് കാണാതായത്.
ഏഴോടെ ബന്ധുക്കൾ പെരുനാട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതിനിടയിൽ നാട്ടുകാരും ബന്ധുക്കളും തെിരച്ചിൽ തുടങ്ങിയിരുന്നു.
മൊബൈൽ കവറിൽ സൂക്ഷിച്ചിരുന്ന പണം യാത്രക്കൂലിയായി എടുത്തായിരുന്നു യാത്ര. ടവർ ലൊക്കേഷൻ മനസിലാക്കി നടത്തിയ നിരീക്ഷണത്തിൽ മാവേലിക്കര ഭാഗത്തേക്കാണ് യാത്രയെന്നു മനസിലാക്കിയതോടെയാണ് അന്വേഷണം വേഗത്തിലായത്.
മാവേലിക്കരയുമായി കുട്ടിക്കുള്ള ബന്ധവും മനസിലാക്കി. തുടർന്ന് അവിടെ പോലീസിൽ വിവരം നൽകി നിരീക്ഷണം ഏർപ്പെടുത്തി. പത്തോടെ കുട്ടി അവിടെയെത്തിയതായി സന്ദേശം ലഭിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കും ആശ്വാസമായത്.
പെരുനാട് പോലീസ് തന്നെ കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് ബന്ധുക്കളെ ഏല്പിക്കുകയായിരുന്നു.