ബിജെപിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ എന്‍ഡിഎ മുന്നണിപൂര്‍ണ തകര്‍ച്ചയിലേക്ക്. ബിജെപിക്കെതിരേ രുക്ഷ വിമര്‍ശനവുമായി മുന്നണിയിലെ പ്രബല കക്ഷിയായ ബിഡിജെഎസ് രംഗത്തെത്തിയതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ വ്യക്തമായി. അധികാരത്തില്‍ എത്താന്‍ യുഡിഎഫുമായും എല്‍ഡിഎഫുമായും സഹകരിക്കാന്‍ തയാറാണെന്ന് ബിഡിജെഎസ് പ്രസിഡന്റും സംസ്ഥാനത്തെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത് ഇനി എന്‍ഡിഎയില്‍ തുടരാന്‍ യാതൊരു താല്‍പര്യവുമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ഒരു മുന്നണിയോടും തങ്ങള്‍ക്ക് അയിത്തമില്ല. രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളും മിത്രങ്ങളും ഇല്ല. സ്വീകരിക്കാന്‍ തയാറുള്ള മുന്നണികളുമായി സഹകരിക്കുന്നത് പരിശോധിക്കും. ഇലക്ഷന് വരുമ്പോള്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. മുന്നണി മാറണമെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം. കേന്ദ്രത്തില്‍ പല പദവികളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഒന്നും നിറവേറ്റപ്പെട്ടിട്ടില്ല. ഇനി എന്‍ഡിഎ നല്കുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബിഡിജെഎസ് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തുമെന്നാണ് അറിയുന്നത്. വലതുമുന്നണിയില്‍ ചേരാനാണ് സംസ്ഥാന നേതാക്കള്‍ക്ക് താത്പര്യം. ഇടതു മുന്നണി പ്രവേശന സാധ്യത വിരളമാണ്. മുന്നണിയിലെ പ്രബല കക്ഷിയായ സിപിഎം സമീപനം അനുകൂലമല്ല. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ അനുകൂലമായാണ് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയിലും വിഷയം എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതിന്റെ തുടര്‍ ചര്‍ച്ചകളുണ്ടാകും. ഈഴവരുടെ നേതാവായിരുന്ന ആര്. ശങ്കറിനെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും നേതാക്കള്‍ പറയുന്നു.
ബിഡിജെഎസിന്റെ ബൂത്ത്, പഞ്ചായത്ത്, നിയോജക മണ്ഡലം കമ്മിറ്റികള്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പാര്‍ട്ടി ശക്തമായാല്‍ ആരുമായും സഹകരിക്കുന്നതിന് സാധ്യതയൊരുങ്ങുമെന്നാണ് നേതാക്കള്‍ പറയുന്നത്. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിഡിജെഎസ് രൂപവത്കരിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നത്. കേന്ദ്രത്തില്‍ സ്ഥാനമാനങ്ങള്‍ അടക്കമുള്ള ബിജെപിയുടെ വലിയ വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എന്‍ഡിപിയുടെ കാര്‍മികത്വത്തില്‍ പാര്‍ട്ടി പിറവികൊണ്ടത്. എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും തുഷാര്‍ വെള്ളാപ്പള്ളിക്ക് നല്കിയ കേന്ദ്രത്തിലെ അധികാര പങ്കാളിത്തം അടക്കം ഒരു വാഗ്ദാനവും പാലിക്കാന്‍ ബിജെപി തയാറായില്ല. ഈ നിരന്തര അവഗണനയെ തുടര്‍ന്നാണ് മുന്നണി മാറ്റം ആലോചിക്കുന്നത്.