ന്യൂഡൽഹി: എൻഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസിനു നൽകിയ തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി തുഷാർ വെള്ളാപ്പള്ളി രംഗത്ത്. തൃശൂർ സീറ്റിൽനിന്നു ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാർ പറഞ്ഞു.
തൃശൂരിൽനിന്നു താൻ ജനവിധി തേടുന്ന കാര്യം തീരുമാനമായില്ല. മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ആവശ്യപ്പെട്ടെന്നും താൻ മത്സരിക്കുന്നകാര്യം പാർട്ടിയുമായി ചർച്ച നടത്തിയശേഷം തീരുമാനിക്കുമെന്നും തുഷാർ പറഞ്ഞു.
തൃശൂരും പത്തനംതിട്ടയുമായി പാക്കേജില്ല. പത്തനംതിട്ട മണ്ഡലം ബിജെപി സീറ്റാണെന്നും തൃശൂർ മണ്ഡലം ബിജെപി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സ്ഥാനാർഥികളെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു.
പത്തനംതിട്ട സീറ്റിൽ പ്രമുഖ കോണ്ഗ്രസ് നേതാവ് ബിജെപി ബാനറിൽ മത്സരിക്കുമെന്നും സുരേന്ദ്രനായി ബിജെപി തൃശൂർ സീറ്റ് ഏറ്റെടുക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.