കൊച്ചി: എറണാകുളത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതു സംബന്ധിച്ച കേസില്‍ പ്രധാന പ്രതി ഇപ്പോഴും ഒളിവിൽ.
ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇടുക്കി വണ്ണപ്പുറം സ്വദേശിയാണു കേസിലെ പ്രധാന പ്രതിയെന്നാണു സൂചന. ഇന്നലെ അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത കൊണ്ടോടി സ്വദേശി മുഹമ്മദ് റാഫിയെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക.
സംഭവത്തില്‍ കഴിഞ്ഞ ദിവസം തൃക്കാക്കര സ്വദേശി നജീബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കരയ്ക്കു സമീപം ജഡ്ജിമുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലുമാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കൊച്ചി നഗരത്തില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്കിയ വിവരത്തെത്തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഘം ഉപയോഗിച്ച കമ്പ്യൂട്ടറടക്കം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തൃക്കാക്കരയില്‍നിന്നും ഒരു കമ്പ്യൂട്ടറും രണ്ട് മോഡവും അനുബന്ധ ഉപകരണങ്ങളും നഗരത്തിലെ ഫ്ളാറ്റില്‍നിന്നു കമ്പ്യൂട്ടറുകളും മോണിറ്ററും ഇന്റര്‍നെറ്റ് കണക്ഷന് ഉപയോഗിച്ച റൗട്ടറുമാണു പിടിച്ചെടുത്തത്.
വിദേശത്തുനിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണു സമാന്തര എക്സ്ചേഞ്ചുകളുടെ രീതി. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാനൊരുങ്ങുകയാണു പോലീസ്.