തൊടുപുഴ: ലഹരിക്കായി ഉപയോഗിക്കുന്ന നിയന്ത്രിത മരുന്നുകൾ അനധികൃത വിൽപ്പനക്കായി എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന്. മധുരയിൽ നിന്നും മറ്റുമാണ് മരുന്നുകൾ വ്യാപകമായി എത്തിക്കുന്നത്.
ഇത്തരം ലഹരി മരുന്നുകൾ വിൽപ്പന നടത്തുന്ന സംഘങ്ങൾ തമിഴ്നാട്ടിലെ മൊത്ത വിതരണക്കാരെ സ്വാധീനിച്ചാണ് ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മാത്രം വിൽക്കാൻ അനുവാദമുള്ള മരുന്നുകൾ വിപണിയിൽ എത്തിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നത്.
വിൽപ്പനക്കായി ഇത്തരം മരുന്നുകൾ അനധികൃതമായി സൂക്ഷിച്ച കേസിൽ തൊടുപുഴ മുതലക്കോടം തോട്ടക്കാട്ട് സുനീഷ് ശശിധരനെ എക്സൈസ് സംഘം ബുധനാഴ്ച റസ്റ്റു ചെയ്തിരുന്നു. മരുന്നുകളുടെ ഉറവിടത്തെ സംബന്ധിച്ച് ഡ്രഗ്സ് ഇന്റലിജലിൻസ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
ഇയാളിൽ നിന്നും ലഹരിക്കുപയോഗിക്കുന്ന കൊഡെയ്ൻ ഫോസ്ഫേറ്റ് അടങ്ങിയ കഫ് സിറപ്പുകളും ഗർഭനിരോധന മരുന്നുകളും ലൈംഗിക ഉത്തേജക മരുന്നുകളുമാണ് പിടി കൂടിയത്. ഇതിൽ ടെർമിപ്പിൽ കിറ്റ് എന്ന മരുന്ന് ഗർഭഛിദ്രത്തിന് വ്യാജ ഡോക്ടർമാരും മറ്റും ഉപയോഗിച്ചു വരുന്നതാണ്. നാലു മാസം വരെയുള്ള ഗർഭം അലസിപ്പിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.
ഡോക്ടർമാരുടെ കുറിപ്പ് ഉണ്ടെങ്കിൽ അംഗീകൃത മെഡിക്കൽ സ്റ്റോറുകൾ വഴി വിൽപ്പന നടത്താമെങ്കിലും സാധാരണ ഡോക്ടർമാർ ഇതിനെ പ്രോൽസാഹിപ്പിക്കാറില്ല. സെനിഗ്രാ ടാബ്ലറ്റ്സ് ലൈഗിംക ഉത്തേജനത്തിനാണ് ഉപയോഗിക്കുന്നത്. അപൂർവമായി മാത്രമേ ഡോക്ടർമാർ ഇതും കുറിക്കാറുള്ളു. കഫ് സിറപ്പ് വിദ്യാർഥികൾക്കിടയിലും മറ്റുമാണ് വിറ്റഴിക്കുന്നത്.
ഇത്തരം മരുന്നുകളുമായി ബുധനാഴ്ചയാണ് സുനീഷിനെ തൊടുപുഴ എക്സൈസ് പിടി കൂടുന്നത്. ലഹരിമരുന്നായി ഉപയോഗിക്കാവുന്ന കൊടെയ്ൻ അടങ്ങിയ നിരോധിത കഫ് സിറപ്പ് 177 എണ്ണം, ഗർഭം അലസിപ്പിക്കാനുള്ള ടെർമിപിൽ കിറ്റ് 160 എണ്ണം , ലൈംഗിക ഉത്തേജക മരുന്നായ സെനിഗ്രായുടെ 50 എംജിയുടെ 5984 ഗുളികകൾ, സെനിഗ്രാ 100 എംജിയുടെ 1616 ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവ കൂടിയ വിലയ്ക്ക് അനധികൃതമായി വിൽപ്പന നടത്തി വരികയായിരുന്നു പ്രതി.
ഏറെക്കാലമായി ഇയാൾക്ക് ഇത്തരം മരുന്നുകളുടെ വിൽപ്പനയുണ്ട്. മുൻപ് ഇയാളുടെ ബന്ധുവിന്റെ ലൈസൻസിന്റെ മറവിലാണ് ഇയാൾ മരുന്നുകൾ തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നതെന്നാണ് ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ലൈസൻസിന്റെ കോപ്പി കാണിക്കുകയോ ലൈസൻസ് നന്പർ പറയുകയോ ചെയ്താൽ ഇവിടെ നിന്നും നിയന്ത്രിത മരുന്നുകൾ ലഭിക്കും. ഇടനിലക്കാർ മുഖേന വിൽപ്പന നടത്തുകയായിരുന്നു. വീട്ടിലും മറ്റും സൂക്ഷിച്ചിരിക്കുന്ന മരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകും. വാങ്ങുന്ന വിലയേക്കാൾ പതിൻമടങ്ങ് വില കൂട്ടിയാണ് വിൽപ്പന നടത്തിയിരുന്നത്.
തൊടുപുഴ കേന്ദ്രീകരിച്ച് ഇത്തരം മരുന്നുകൾ വിൽക്കുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് സൂചന. ഏതാനും മാസം മുൻപും സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ഇത്തരം മരുന്നുകൾ വിൽപ്പന നടത്തുന്ന സുനീഷ് ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തെ പോലീസ് പിടി കൂടിയിരുന്നു.
സ്കൂൾ പരിസരത്ത് വിദ്യാർഥികൾക്ക് ലഹരി മരുന്നു കൈമാറ്റം നടത്തുന്നതിനിടയിലാണ് സംഘം പോലീസിന്റെ പിടിയിലായത്. പോലീസ് വളഞ്ഞു പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് വാഹനത്തിലും ടൂറിസ്റ്റ് ഹോമിലുമായി സൂക്ഷിച്ചിരുന്ന ഗർഭിണികൾക്ക് ചുമക്കായി നൽകി വരുന്ന കൊടെയ്ൻ ഫോസ്ഫേറ്റ് അടങ്ങിയ ജനറിക് മരുന്നുകളും ഗർഭനിരോധന ഗുളികകളും ഇവരിൽ നിന്നും പിടി കൂടി.
ഇത് സിഗരറ്റിനോടൊപ്പമോ മദ്യത്തോടൊപ്പമോ കഴിച്ചാൽ കഞ്ചാവിനെക്കാൾ ഉൻമാദാവസ്ഥയിലെത്തും. പ്രതികളുടെ പേരിൽ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ട് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിരുന്നു.