കുന്നംകുളം: ലോട്ടറി അടിച്ചിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചും സൗഹൃദം നടിച്ചും കുന്നംകുളം സ്വദേശിനിയുടെ ചിറമനേങ്ങാടു വില്ലേജിലുള്ള ഭൂമി വ്യാജ പ്രമാണങ്ങൾ ഉപയോഗപ്പെടുത്തി തട്ടിയെടുത്ത സംഭവത്തിൽ രണ്ടു സ്ത്രീകളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
തിരൂർ തെക്കുമുറി കളരിക്കൽ വീട്ടിൽ സക്കീന (60), വെളിയങ്കോട് പുതിയ വീട്ടിൽ നാലകത്തു സുബൈദ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
63,75,000 രൂപയ്ക്കു പ്രസ്തുത സ്ഥലം തീറുവാങ്ങാമെന്നു വിശ്വസിപ്പിച്ചു പണയാധാരവും വസ്തുവില്പന കരാറും വ്യാജമായി ഉണ്ടാക്കി ആധാരം സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയംവച്ച് 30 ലക്ഷം രൂപ കൈപ്പറ്റുകയും തുടർന്നു കരാർ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെ പണമോ വസ്തുവിന്റെ ആധാരമോ തിരികെ നൽകാതെ ചതിക്കുകയുമാണ് ഇവർ ചെയ്തത്.
കുന്നംകുളം കക്കാട് സ്വദേശിനിയായ റുഖിയ എന്ന സ്ത്രീ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിനോജിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് ചേലക്കര പോലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്. കൂടാതെ പ്രതി സക്കീനയ്ക്കെതിരെ തിരൂർ പോലീസ് സ്റ്റേഷനിൽ ലോട്ടറിക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വ്യാജ ടിക്കറ്റ് ബാങ്കിൽ കൊടുത്ത കേസും നിലവിലുണ്ട്.
പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്ഐ സന്തോഷ്, എഎസ്ഐ പ്രേംജിത്ത്, സിവിൽ ഓഫീസർമാരായ വീരജ, ഷജീർ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.