തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ മൂന്ന് എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളി.
തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പത്രികയാണു തള്ളിയത്. ഇതിനു പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തി.
ഇതിനിടെ വരണാധികാരിയുടെ തീരുമാനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ ബിജെപി തീരുമാനിച്ചു.
പത്രിക തള്ളിയതു രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎമ്മിന്റെ സമ്മർദം മൂലമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു.
എന്നാൽ, ക്ലെറിക്കൽ തെറ്റ് എന്നു ബിജെപി നേതൃത്വം ന്യായീകരിക്കുന്പോഴും പത്രിക തള്ളിയത് അവർക്കു രാഷ്ട്രീയമായി വൻ തിരിച്ചടിയായി.
നാമനിർദേശ പത്രിക തള്ളിയത് സിപിഎം- ബിജെപി ധാരണയ്ക്കു തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
സിപിഎമ്മിന്റെ പ്രമുഖർ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും ബിജെപി തീർത്തും ദുർബലരായ സ്ഥാനാർഥികളെയാണു നിർത്തിയിരിക്കുന്നതെന്നും സിപിഎം തിരിച്ചും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസും ബിജെപിയും തമ്മിൽ വോട്ടു മറിക്കാനുള്ള ഡീലിന്റെ തെളിവാണ് നാമനിർദേശ പത്രിക തള്ളിയ സംഭവമെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞു.
തലശേരിയിൽ പത്രിക തള്ളിയത് കോണ്‍ഗ്രസുമായുള്ള ധാരണയുടെ ഭാഗമായാണെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ആരോപിച്ചു.
കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി 22,125 വോട്ട് നേടിയിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആയിരുന്നു ഇവിടെ സ്ഥാനാർഥി. ഗുരുവായൂരിൽ മഹിളാ മോർച്ച അധ്യക്ഷ നിവേദിതയുടെ പത്രികയാണു തള്ളിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25,490 വോട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ 33,967 വോട്ടും ഇവിടെ ബിജെപി നേടിയിരുന്നു. ദേവികുളത്ത് എൻഡിഎ പിന്തുണച്ചിരുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെ പത്രികയാണു തള്ളിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച തലശേരിയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താനിരിക്കെയാണ് മണ്ഡലത്തിൽ പാർട്ടിക്കു സ്ഥാനാർഥിതന്നെ ഇല്ലാതാകുന്നത്.
ബിജെപി – സിപിഎം ഡീൽ എന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ ആരോപണമുന്നയിച്ചതിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ അരങ്ങുതകർക്കുന്നതിനിടയിലാണ് മൂന്നു സ്ഥാനാർഥികളുടെ പത്രിക തള്ളുന്നത്.
പഴയ കോലീബി സഖ്യം ഓർമിച്ച് ഒ. രാജഗോപാലും പഴയ ബന്ധത്തെപ്പറ്റിയുള്ള ആരോപണം ഒരിക്കൽ കൂടി സജീവമാക്കിയിരുന്നു.
ഇതിനിടയിലുണ്ടായ അസാധാരണമായ സംഭവവികാസം സംസ്ഥാന രാഷ്ട്രീയത്തിൽ പലതരത്തിലുള്ള ഊഹാപോഹങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.
സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ഈ മൂന്നിടങ്ങളിലൊഴിച്ച് പ്രധാന മുന്നണികളുടെ സ്ഥാനാർഥികളുടെയെല്ലാം പത്രിക സ്വീകരിച്ചു.
നാളെ പത്രിക പിൻവലിക്കാനുള്ള സമയം തീരുന്നതോടെ 140 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച അവസാനചിത്രം തെളിയും.