മുക്കം: രാജ്യത്ത് ആദ്യമായി ഭിന്നലിംഗക്കാർക്കായി പ്രത്യേക പോളിസി നടപ്പിലാക്കി ചരിത്രം കുറിച്ച കേരളത്തിൽ ട്രാൻസ്ജെൻഡേഴ്സ് ദമ്പതികൾക്കായി നടപ്പിലാക്കുന്ന വിവാഹ ധനസഹായ പദ്ധതിക്ക് തുടക്കം.സമൂഹത്തിൽ ഏറ്റവുമധികം അവഗണന നേരിടുന്ന സമൂഹമെന്ന നിലയിൽ അർഹിക്കുന്ന പ്രാധാന്യം നൽകി സമൂഹത്തിലെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിയമപരമായി വിവാഹം ചെയ്ത ഭിന്നലിംഗ ദമ്പതികൾക്ക് വിവാഹ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.
അപേക്ഷകരിൽ ഒരാൾ മാത്രം ഭിന്നലിംഗ വ്യക്തിയാണെങ്കിലും ധനസഹായം ലഭിക്കും. ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗക്കാർക്ക് സംസ്ഥാനത്ത് പ്രത്യേക പോളിസി നടപ്പിലാക്കിയിരുന്നുവെങ്കിലും ഈ പദ്ധതികളിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായി പൂർണമായും സ്ത്രീ അല്ലെങ്കിൽ പുരുഷൻ ആയി മാറിയിട്ടുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള വിവാഹ ധനസഹായം ഉൾപ്പെടുത്തിയിരുന്നില്ല.
ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമാണ് ധന സഹായം ലഭിക്കുക. ഇന്ത്യയിലാദ്യമായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം 2018 മെയ് മാസത്തിൽ ഇഷാൻ, സൂര്യ എന്നീ രണ്ട് ട്രാൻസ്ജെൻഡർ വ്യക്തികൾ കേരളത്തിൽ വിവാഹിതരായിരുന്നു.
ഈ വിവാഹത്തിന് ധനസഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിയമപരമായി വിവാഹം ചെയ്ത ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിവാഹ ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടർ സർക്കാറിന് നൽകിയ അപേക്ഷയിലാണ് നടപടി. പദ്ധതി പ്രകാരം 30,000 രൂപയാണ് ധനസഹായമായി ലഭിക്കുക.
നടപ്പുസാമ്പത്തിക വർഷം പത്ത് ഭിന്നലിംഗ ദമ്പതികൾക്ക് ധനസഹായം നൽകാനുള്ള തുകയാണ് സർക്കാർ അനുവദിച്ചത്. വിവാഹശേഷം 6 മാസത്തിനു ശേഷവും ഒരു വർഷത്തിനകവും ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കണം. വിവാഹ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാർഡ് മെംബർ/ കൗൺസിലർ) സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. പുനർവിവാഹമാണെങ്കിൽ വിവാഹ ധനസഹായത്തിന് അർഹതയുണ്ടായിരിക്കില്ല. ഭിന്നലിംഗ സമൂഹത്തിനിടയിൽ വിവാഹം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.