കോഴിക്കോട്: കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ ബിജെപിയില്‍ കലാപം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന മുന്നറിയിപ്പ് താഴെതട്ടിലേക്ക് നല്‍കികൊണ്ടുള്ള സ്ഥാനാരോഹണത്തില്‍ ഒരു വിഭാഗം അസംതൃപ്തിയിലായിരുന്നു.
അതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. ഇതോടെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു.
കൃഷ്ണദാസ് പക്ഷത്തെ പ്രുഖരെ വെട്ടിനിരത്തിയും തരംതാഴ്ത്തിയും സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതാണിപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.
മുരളീധര പക്ഷത്തിനു മാത്രമാണു പരിഗണന കിട്ടിയതെന്നു ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കു പരാതി നല്കി.
നിയമസഭാ തെരഞ്ഞെടുപ്പു വരെ നിലവിലെ സ്ഥിതി തുടരാനാണു ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. അതുവരെ ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ എം.ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന് എന്നിവരോടു നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശം വന്നിട്ടില്ല.
പാര്‍ട്ടിയില്‍ രൂപപ്പെടുന്ന പ്രശ്നങ്ങള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിലവിലെ സ്ഥിതി തുടരുകയായിരിക്കും ഉചിതം. ഇക്കാര്യത്തില്‍ സംസ്ഥാനത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും കേന്ദ്രനേതൃത്വം തേടിയിട്ടുണ്ട്.
പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരേ പ്രാദേശിക തലത്തില്‍ പ്രചാരണം നടത്താനാണ് ഇടതുവലത് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിക്കെതിരേയുള്ള പ്രധാന ആയുധവും പൗരത്വഭേദഗതി നിയമമാണ്. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി രംഗത്ത് നില്‍ക്കണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇതിന് ഗ്രൂപ്പിസം തടസമാവുമെന്ന ഘട്ടത്തിലാണ് തല്‍സ്ഥിതി തുടരുന്നതിനെ കുറിച്ച് നേതൃത്വം ആലോചിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച ഭാരവാഹി പട്ടികയില്‍ മുരളീധര പക്ഷത്തിനാണു പൂര്‍ണ ആധിപത്യം. സുപ്രധാന ജനറല്‍ സെക്രട്ടറി പദത്തിലേക്കു കൃഷ്ണദാസ് പക്ഷത്തു നിന്ന് എം.ടി.രമേശിനെ മാത്രമാണു പരിഗണിച്ചത്.
മറ്റു മൂന്ന് ജനറല്‍ സെക്രട്ടറിമാരും വി.മുരളീധരനെ പിന്തുണയ്ക്കുന്നവരാണ്. മുന്‍ ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രനേയും എ.എന്‍.രാധാകൃഷ്ണനേയും പുതിയ പട്ടികയില്‍ വൈസ് പ്രസിഡന്റുമാരാക്കി ഒതുക്കി.
മുതിര്‍ന്ന നേതാക്കളായ എന്‍.ശിവരാജന് , പി.എം. വേലായുധന്, കെ.പി.ശ്രീശന് എന്നിവരെ ഒഴിവാക്കുകയും ചെയ്തു. പട്ടിക വന്നതിനു പിന്നാലെ എം.ടി. രമേശും ജെ.പി.നഡ്ഡയുമായി ഫോണില്‍ സംസാരിച്ചിരുന്നതായാണ് വിവരം.
വക്താവിനന്റെ പദവി ഏറ്റെടുക്കാനില്ലെന്നു കാണിച്ചു മുതിര്‍ന്ന നേതാവായ എം.എസ്. കുമാറും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനു കത്തു നല്‍കിയിട്ടുണ്ട്. ഈ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്നോട്ടില്ലെന്ന നിലപാടിലാണ്.