കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ സംഘാടകര്‍ക്ക് മുട്ടനൊരു അബദ്ധം പറ്റി. ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരില്‍ അരങ്ങേറുന്ന ദേശീയ കൗണ്‍സില്‍ രാഷ്ട്രീയകേരളത്തില്‍ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായുടേയും ഉള്‍പ്പടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്താല്‍ ദേശീയമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെയാണ് പാര്‍ട്ടിക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ ഡികെ സിങ്ങിന്റെ ട്വീറ്റ് പുറത്തു വന്നത്.
കൗണ്‍സില്‍ നടക്കുന്ന സമ്മേളന നഗരിയിലെ ദീന്‍ദയാല്‍ ഉപാധ്യായയുടെ ഫോട്ടോയ്ക്ക് താഴെ, രാജ്നാഥ് സിങെന്നാണ് പേരെഴുതിയിരുന്നത്. ഭാരതീയ ജനസംഘിന്റെ സ്ഥാപകനായ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയുടെയും, അദ്ദേഹം സംഘത്തിന്റെ അധ്യക്ഷനായതിന്റെ സുവര്‍ണ ജൂബിലി വര്ഷവുമാണെന്നതിനാലാണ് ഈ വര്‍ഷം കോഴിക്കോട് തന്നെ ദേശീയ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ദീന്ദയാലിനെ ഓര്‍മ്മിക്കാനായി പ്രത്യേക പ്രദര്‍ശനവും കൗണ്‍സില്‍ ഹാളില്‍ ഒരുക്കിയിരുന്നു. സമ്മേളന നഗരി മുഴുവന്‍ ദീന്‍ദയാലിന്റെ പേര് നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് വേദിയിലെ ഫോട്ടോയ്ക്ക് പേര് മാറിപ്പോയത് എന്നത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ ചിത്രത്തിലെ രാജ്നാഥിന്റെ പേര് കടലാസ് കൊണ്ട് മറച്ച്, ദീന്‍ദയാലിന്റെ പേര് എഴുതിച്ചേര്‍ത്തിട്ടുണ്ട് സംഘാടകര്‍.
ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പിഴവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. ബിജെപിയെ ട്രോളാനുള്ള ആയുധമാക്കി സോഷ്യല്‍ മീഡിയ പിഴവിനെ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. സി കേശവനെപ്പോലെ ദിന്ദയാലിനെയും പറഞ്ഞ് മാറ്റിക്കളയുമോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു കഴിഞ്ഞു.