കെ. ഷിന്റുലാല്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലെ ചുമതലക്കാര്ക്കെതിരേ നടപടി വരുന്നു.
സംസ്ഥാനത്തെ 318 ഓളം ബൂത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ലാത്തത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് തെരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ എത്ര പണം നല്കിയിട്ടുണ്ടെന്നുമടക്കമുള്ള വിവരങ്ങളാണ് സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നത്.
ഒരു വോട്ടുപോലും ലഭിക്കാത്ത ബൂത്തുകളിലെ ഏജന്റുമാര്‍ക്കുള്ള വോട്ട് എവിടെയാണെന്നതും ബൂത്ത് ചുമതലക്കാരന്റെ വോട്ട് എവിടെയാണെന്നതും അന്വേഷിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65000 ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് പൂജ്യം വോട്ട് ലഭിച്ചത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് മത്സരിച്ച കോഴിക്കോട് നഗരമുള്‍പ്പെടുന്ന നോര്‍ത്ത് മണ്ഡലത്തിലെ ഒരു ബൂത്തില്‍ നിന്ന് ഒരുവോട്ടുപോലും ലഭിക്കാത്തത് ജില്ലാകമ്മിറ്റിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
നോര്‍ത്ത് നിയോജകമണ്ഡലത്തിലെ 250/137 ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ നിന്നാണ് രമേശിന് ഒരു വോട്ടുപോലും ലഭിക്കാതിരുന്നത്.
ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിന് 222 വോട്ടും എല്‍ഡിഎഫിന്റെ തോട്ടത്തില്‍ രവീന്ദ്രന് 211 വോട്ടും ലഭിച്ചിരുന്നു. ഏറ്റവുമധികം വോട്ടില്ലാ ബൂത്തുകള്‍ മലപ്പുറത്താണ്.
കോഴിക്കോട് ജില്ലയില്‍ ഒന്‍പതും കണ്ണൂര്‍ ജില്ലയില്‍ ഏഴും മണ്ഡലങ്ങളില്‍ വോട്ടില്ലാ ബൂത്തുണ്ട്. എപ്ലസ് മണ്ഡലത്തിലുള്‍പ്പെട്ട കോഴിക്കോട്ടെ കുന്ദമംഗലം, ബേപ്പൂര്‍ മണ്ഡലത്തിലെ ഓരോ ബൂത്തുകളിലും ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനായിട്ടില്ല. കോന്നിയിലെ രണ്ട് ബൂത്തുകള്‍ കാട്ടില്‍ !
നോട്ടയ്ക്കു വരെ വോട്ട്
കോഴിക്കോട് : സംസ്ഥാന അധ്യക്ഷന്‍ മത്സരിച്ച കോന്നിയില്‍ ഒരു വോട്ടും കിട്ടാത്ത ബൂത്തുകള്‍ കാട്ടിലാണെന്നാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച വിശദീകരണം. ഇവിടെ 80/54 ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ 75 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്.
അതില്‍ 70 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ്കുമാറിനാണ് ലഭിച്ചത്. മറ്റുള്ള അഞ്ചു വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോബിന് പീറ്ററിനും ലഭിച്ചു.
ഒരു വോട്ടുമില്ലാത്ത 293/212 ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ 58 വോട്ടുകളായിരുന്നു രേഖപ്പെടുത്തിയത്. 56 വോട്ട് ജനീഷ്കുമാറിനും ഒരു വോട്ട് റോബിനും ലഭിച്ചപ്പോള്‍ ഒരു വോട്ട് നോട്ടയ്ക്കാണ് രേഖപ്പെടുത്തിയത്.