ഇ. അനീഷ്
കോഴിക്കോട്: കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് അസംതൃപ്തര്‍ സിപിഎമ്മിലേക്കു ചേക്കേറുമ്പോള്‍ അന്തംവിട്ടു ബിജെപി.
ഇതരപാര്ട്ടികളില്നിന്ന് അസംതൃപ്തരെ കണ്ടെത്തി പാര്‍ട്ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തില്‍ അപ്പാടെ തകിടംമറിഞ്ഞതില് അസംതൃപ്തരാണ് ബിജെപി ദേശീയ നേതൃത്വം.
കേരളത്തില്‍ നേതാക്കള്‍ സിപിഎമ്മിനെ അഭയകേന്ദ്രമായി തെരഞ്ഞെടുത്തപ്പോള്‍ ബിജെപിയാകട്ടെ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളിലും തെരഞ്ഞെടുപ്പില്‍ ഏറ്റ കടുത്ത തിരിച്ചടിയിലും തകര്‍ന്നിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം നടത്തി അഞ്ച് സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ചിത്രം മാറിയേനെ.
കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാക്കള്‍ സിപിഎം അല്ലെങ്കില്‍ പി.സി.ചാക്കോ നയിക്കുന്ന എന്‍സിപി എന്ന പരിഗണനയാണ് നല്‍കുന്നത്.
ബിജെപി സംഘടനാതലത്തില്‍ ഉള്‍പ്പെടെ പിറകോട്ടു പോയതോടെ കോണ്‍ഗ്രസിലെ നേതാക്കളെ നേരിട്ട് പാര്‍ട്ടിയിലേക്കു ക്ഷണിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന ഫാത്തിമ തെഹ്ലിയ പോലും ആദ്യഘട്ടത്തില്‍ത്തന്നെ ബിജെപി ഓപ്ഷന് പരസ്യമായി തള്ളിപറഞ്ഞുകഴിഞ്ഞു.
പൊതുസമ്മതരെ പാര്‍ട്ടിയില്‍ എത്തിക്കാതെ ബിജെപി കേരളഘടകത്തിനു രക്ഷിയില്ലെന്നും പരിചിത മുഖങ്ങള്‍ കൊണ്ടു മാത്രം പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കഴിയില്ലെന്നും അമിത്ഷാ നേതാക്കളെ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം നടത്തുകയും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുകയും ചെയ്താല്‍ വലിയ വളര്‍ച്ച ബിജെപി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ സംപൂജ്യരായതോടെ ഉള്ള അണികളുടെ കൊഴിഞ്ഞുപോക്ക് എങ്ങിനെ തടയാം എന്ന ചിന്തയിലാണ് നേതൃത്വം.
കെ.സുധാകരന് അധ്യക്ഷപദവി ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് സംഘടാസംവിധാനം ശക്തിപ്പെടുമെന്നും ഇത് താഴേ തട്ടില്‍ പ്രവര്‍ത്തിക്കുന്നതിനു തങ്ങള്‍ക്ക് തടസം സൃഷ്ടിക്കുമെന്നും ബിജെപി കരുതുന്നു. ഇതോടെ മുന്‍പിലാത്ത പ്രതിരോധത്തിലാണ് ബിജെപി കേരള ഘടകം.