ജോണ്സണ് വേങ്ങത്തടം
കോട്ടയം: ബിജെപി പുനഃസംഘടനയിൽ കടുത്ത അതൃപ്തി പുകയുന്നു. ദേശീയ നിർവാഹകസമിതിയിൽ നിന്നും പുറത്താക്കപ്പെട്ട ശോഭാസുരേന്ദ്രൻ പരസ്യമായി രംഗത്തിറങ്ങി കഴിഞ്ഞു. എന്നാൽ അൽഫോൻസ് കണ്ണന്താനം പ്രതികരണത്തിനു തയാറാകാത്തതും ശ്രദ്ധേയമാണ്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനു മേൽക്കോയ്മ ലഭിച്ചപ്പോൾ ന്യൂനപക്ഷവിഭാഗത്തെ പൂർണമായും വെട്ടിനിരത്തിയെന്ന പ്രതീതി വ്യാപകമാണ്. കോട്ടയം ജില്ലയിൽ നോബിൾ മാത്യുവിനെ ഒരു സ്ഥാനം പോലും നൽകാതെ മാറ്റിയപ്പോൾ സുരേന്ദ്രന്റെ സ്വന്തം ആൾ ജി. ലിജിൻലാൽ ജില്ല പ്രസിഡന്റായി.
സംസ്ഥാന സമിതിയിൽ ഭൂരിപക്ഷം കരസ്ഥമാക്കിയ ഒൗദ്യോഗികവിഭാഗം കൃഷ്ണദാസ് പക്ഷത്തെ പൂർണമായും ഒതുക്കി എന്ന നിലപാടുയരുന്നു. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിൽ ചർച്ച പോലും നടത്താതെയുള്ള പുനസംഘടനക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് നീക്കം.
ഏകപക്ഷീയമായാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നും പരാതിയുണ്ട്.ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും ഉണ്ടെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മൂന്ന് പതിറ്റാണ്ടുകൾക്കിടെ പ്രസ്ഥാനം ഏൽപ്പിച്ച ദൗത്യങ്ങൾ കലർപ്പില്ലാത്ത സമർപ്പണ മനോഭാവത്തോടെ നിറവേറ്റിയെന്ന് ഉറച്ചു വിശ്വസിക്കുന്നു.
തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും കൊടുങ്കാറ്റായി വന്നു പറത്തിക്കളയുമെന്നും കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യ കശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെ ഓർക്കണമെന്നും ശോഭ സുരേന്ദ്രൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഭരണം പിടിക്കാനെന്ന പേരിൽ നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിയെ സന്പൂർണ പരാജയത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാമെന്നായിരുന്നു അഞ്ച് മേഖലകളിലായി ബിജെപി നേതൃത്വം പരിശോധിച്ചത്.അഞ്ച് മേഖലകളിലെയും ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് കോർ കമ്മിറ്റിക്ക് കൈമാറി.
ഈ റിപ്പോർട്ടിൽ തുടർ നടപടികൾ നിർദ്ദേശിക്കാൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെയും വച്ചു. എന്നാൽ ഈ സമിതി ഒരു വട്ടം പോലും യോഗം ചേർന്നില്ല. അതായത്, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തുകയോ പരിഹാരം നിർദ്ദേശിക്കുകയോ ചെയ്യാതെയാണ് ഇപ്പോൾ പുനസംഘടന നടപ്പാക്കിയത്.
അതാകട്ടെ ഭാരവാഹി പട്ടികയിൽ സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റുന്ന നിലയിലുമായെന്ന പരാതിയാണ് കൃഷ്ണദാസ് പക്ഷത്തിനുളളത്.മേഖല തല ചർച്ചകളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശിച്ചവരെ പ്രതികാര ബുദ്ധിയോടെ മാറ്റി നിർത്തിക്കൊണ്ടാണ് ഇപ്പോൾ പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.
തെരഞ്ഞെടുപ്പ് കണക്കുകൾ ആവശ്യപ്പെട്ട ജെ.ആർ. പത്മകുമാറിനെ ട്രഷറർ സ്ഥാനത്ത് നിന്ന് മാറ്റി. ബത്തേരി കോഴക്കേസിൽ സുരേന്ദ്രനൊപ്പം നിൽക്കാത്തവരെയും മാറ്റിയെന്ന ആക്ഷേപം ശക്തമാണ്. ഏതായാലും ഇനി സുരേന്ദ്രനു പാർട്ടിയെ നയിക്കാൻ സാധിക്കും. ഭൂരിപക്ഷമാളുകളും സുരേന്ദ്രനെ അംഗീകരിക്കുന്നവരാണ്.
തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരിൽ പല ജില്ലകളിലും അധ്യക്ഷൻമാരെ മാറ്റിയപ്പോൾ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളെ നടപടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുന്നത്. പുനസംഘടനയ്ക്കു പിന്നാലെ താഴെത്തട്ടിൽ കടുത്ത അതൃപ്തിയാണ് നിലനിൽക്കുന്നതെന്നും കൃഷ്ണദാസ് പക്ഷം പറയുന്നു.