പണിതുടങ്ങി… 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 12 സീറ്റുകള്‍ പിടിച്ചെടുക്കണമെന്ന് അമിത്ഷാ; ലക്ഷ്യം നിറവേറ്റാന്‍ നേതാക്കളും; ബിജെപി ശിബിര ക്യാമ്പില്‍ മൊബൈല്‍ ഫോണിന് വിലക്ക്

BJP-FB

കോഴിക്കോട്: സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ പ്രവര്‍ത്തക ശിബിരത്തില്‍ ആര്‍എസ്എസ് ആധിപത്യം ഉറപ്പിക്കുന്നു. കര്‍ശന അച്ചടക്കത്തിലായിരിക്കും ഗിബിരം സംഘടിപ്പിക്കുക. ശിബിരപ്രമുഖ്, ശിബിര സഞ്ചാലകന്‍, സഹസഞ്ചാലകന്‍, കാര്യപ്രമുഖ് ,സഹ വ്യവസ്ഥാ പ്രമുഖ് തുടങ്ങിയ ആര്‍എസ്്എസിന്റെ പ്രവര്‍ത്തന ശൈലിയിലാണ് ശിബിരം നിയന്ത്രിക്കുക.

ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു.നാളെ മുതല്‍ 15 വരെ നിയോജക മണ്ഡലം ശിബിരം നടക്കുക. കായികപരിശീലനം, ഗണഗീതത്തിനു പകരം ശിബിര ഗീതവും യോഗയും ഉണ്ടായിരിക്കും. സംസ്ഥാനത്ത് 140 നിയോജക മണ്ഡലത്തിലും ശിബിരം സംഘടിപ്പിക്കും. ആര്‍എസ്എസ് നിര്‍ദേശിക്കുന്ന ആളായിരിക്കും ശിബിരം നിയന്ത്രിക്കുക.

ബിജെപിയുടെ ചരിത്രം, വികാസം, സൈദ്ധാന്തിക അടിത്തറ, പരിവാര്‍ സംഘടനകള്‍, രാജ്യം നേരിടുന്ന വെല്ലുവിളികള്‍, എന്‍ഡിഎയുടെ ഭരണ നേട്ടങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ പരിശീലനം നേടിയവരായിരിക്കും ക്ലാസെടുക്കുക. മൊബൈല്‍ ഫോണിന് ക്യാമ്പില്‍ വിലക്കെര്‍പ്പെടുത്തും. ശിബിരത്തിന് എസി റൂമുകള്‍ പാടില്ലെന്ന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മോര്‍ച്ചാ ഭാരവാഹികള്‍, മണ്ഡലം സമിതി അംഗങ്ങള്‍ തുടങ്ങിയവരാണ് ശിബിരത്തില്‍ പങ്കെടുക്കുക. ഒരു രാത്രിയും, രണ്ട് പകലുമായിയാണ് ക്യാമ്പ്. ശിബിരം നടത്താനുള്ള ഒരുക്കത്തിലാണ് വിവിധ നിയോജക മണ്ഡലം കമ്മിറ്റികള്‍.

സംസ്ഥാനത്ത് ബിജെപിയെ ശക്തമായ പാര്‍ട്ടി ആക്കി മാറ്റാനുള്ള അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ച പ്രകാരമാണ് ശിബിരം സംഘടിപ്പിക്കുന്നത്. പ്രധാന ലക്ഷ്യം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 ഓളം ലോക്‌സഭാ സീറ്റുകള്‍ കേരളത്തില്‍ നിന്നും പിടിച്ചെടുക്കണമെന്ന നിര്‍ദ്ദേശം അമിത്ഷാ കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യം.

Related posts