കോട്ടയം: ബിജെപി രാഷ്ട്രീയ പ്രമേയത്തിൽ സാംസ്കാരിക നായകർക്ക് വിമർശനം. കോട്ടയത്തു നടന്ന സംസ്ഥാന കൗണ്‍സിലിൽ പുറത്തിറക്കിയ രാഷ്ട്രീയ പ്രമേയത്തിലാണ് സാംസ്കാരിക നായകനായകർക്കെതിരേ ബിജെപി വിമർശനം ഉന്നയിച്ചത്. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും വേട്ടയാടുന്പോൾ പുരസ്കാരങ്ങൾക്ക് മുന്നിൽ സാംസ്കാരിക നായകർ മനുഷ്യത്വം പണയപ്പെടുത്തുകയാണ്. സാംസ്കാരിക നായകന്മാരുടെ നീതിബോധം സാംസ്കാരിക കേരളം വിലയിരുത്തണമെന്നും പ്രമേയത്തൽ പറയുന്നു.
പാലക്കാട് കഞ്ചിക്കോട് രാഷ്ട്രീയ സംഘർഷത്തിനിടെ ബിജെപി പ്രവർത്തകരായ രണ്ടു പേരെ സിപിഎം പ്രവർത്തകർ തീയിട്ടു കൊന്നിട്ടും സാംസ്കാരിക നായകന്മാർ ആരും പ്രതികരിക്കാത്തതെന്തേയെന്നും പ്രമേയത്തിൽ പറയുന്നതായി ബിജെപി പ്രതിനിധികൾ പറഞ്ഞു. കറൻസി നിരോധിച്ചപ്പോൾ കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരേ കേരളത്തിലെ സാംസ്കാരിക പ്രമുഖർ രംഗത്തുവന്നിരുന്നു. രണ്ടു ദിവസമായി കോട്ടയത്തു നടന്നുവന്ന ബിജെപി സംസ്ഥാന കൗണ്‍സിൽ ഇന്നു അവസാനിക്കും.
സംസ്ഥാന കൗണ്‍സിൽ രാവിലെ 10.20നു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജ, നളിൻകുമാർ കട്ടീൽ എംപി, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ 1373 പ്രതിനിധികൾ പങ്കെടുത്തു.
ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകളിൽ പാർട്ടി നടപടിയില്ലെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇന്നലെ നടന്ന കോർ കമ്മിറ്റി ചർചയിൽ സി.കെ. പത്മനാഭന്റെയും എ.എൻ. രാധാകൃഷ്ണന്റെയും പാർട്ടി വിരുദ്ധ നിലപാടുകളെ തള്ളിയിരുന്നു. ഇരുവർക്കെതിരെയും രൂക്ഷ വിമർശനാണു കോർ കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉയർത്തിയത്. സി.കെ. പത്മനാഭനവും എ.എൻ. രാധാകൃഷ്ണനും തങ്ങൾ നടത്തിയ പ്രസ്താവനകളിൽ കുറ്റസമ്മതം നടത്തിയതോടെ തുടർ ചർച്ചകൾ ആവശ്യമില്ലെന്നു കുമ്മനം രാജശേഖരൻ വ്യക്തമാക്കുകയായിരുന്നു.
സംവിധായകൻ കമൽ പാക്കിസ്ഥാനിലേക്കു പോകണമെന്ന എ.എൻ. രാധാകൃഷ്ണൻ തൊടുത്തവിട്ട പ്രസ്താവന ബിജെപിയിൽ രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള പരസ്യവാഗ്വാദത്തിന് വഴിയൊരുക്കുകയായിരുന്നു. സംവിധായകൻ കമൽ രാജ്യംവിടണമെന്ന രാധാകൃഷ്ണന്റെ പ്രസ്താവനയെ പൂർണമായും തള്ളി സി.കെ.പത്മനാഭൻ രംഗത്തെത്തിയതോടെ വിഷയം ചൂടുപിടിച്ചു. എം.ടി. ഹിമാലയ തുല്യനും കമൽ രാജ്യസ്നേഹിയുമാണെന്ന് ബിജെപി മുൻദേശീയ നിർവാഹകസമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ. പത്മനാഭൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞെന്ന വാർത്തയാണ് വിവാദമായത്. പരസ്യപ്രസ്താവനകൾ നേതാക്കൾ തമ്മിലുളള പോർമുഖത്തിലേക്ക് കടന്നതോടെ പാർട്ടി സംസ്ഥാനഅധ്യക്ഷൻകുമ്മനംരാജശേഖരൻ തന്നെഇടപെട്ട് പ്രസ്താവനകൾ വിലക്കുകയായിരുന്നു.