തിരുവനന്തപുരം: മെഡിക്കൽ കോളജ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ ബിജെപി നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ബിജെപി സഹകരണ സെൽ കണ്‍വീനർ ആർ.എസ്. വിനോദിനെയാണ് പുറത്താക്കിയത്. ആരോപണം അതീവ ഗൗരവമുള്ളതാണെന്നും പ്രവർത്തി മാപ്പർഹിക്കാത്ത അച്ചടക്ക ലംഘനമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ആരോപണങ്ങൾ കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. ആർ.എസ്. വിനോദ് വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയിൽനിന്ന് 5.60 കോടി രൂപ വാങ്ങിയെന്നായിരുന്നു കണ്ടെത്തൽ. ബിജെപി നേതാവ് എം.ടി. രമേശിന്റെ പേരും റിപ്പോർട്ടിലുണ്ട്. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എം.ടി. രമേശിന്റെ പേരു പറയുന്നത്.
കെ.പി. ശ്രീശൻ, എ.കെ. നസീർ തുടങ്ങിയ രണ്ടംഗ സമിതിയായിരുന്നു ആരോപണം അന്വേഷിച്ചത്. അന്വേഷണ റിപ്പോർട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആർ. സുഭാഷിനും കൈമാറിയിരുന്നു. നേതാക്കൾക്കെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകളാണു റിപ്പോർട്ടിലുള്ളത്.
ഷാജിയുടെ പരാതിയെത്തുടർന്നാണു പാർട്ടി അന്വേഷണ കമ്മിഷനെ നിയമിച്ചത്. 2017 മേയ് 19നാണ് പരാതി നൽകിയത്. പണം നൽകിയെങ്കിലും കാര്യം നടന്നില്ല. ഡൽഹിയിലുള്ള ഏജന്റ് സതീഷ് നായർക്ക് നൽകാനാണു പണം വാങ്ങിയതെന്നും ഷാജി പറയുന്നു.