ജോണ്സണ് വേങ്ങത്തടം
കൊച്ചി: ബിജെപിയിലെ ഉള്‍പ്പോര് നിയമസഭ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് 21ന് ആരംഭിക്കുന്ന വിജയ് യാത്രയ്ക്കു മുമ്പു പ്രശ്നപരിഹാരം ഉണ്ടാകണം. ശോഭാ സുരേന്ദ്രന് പാര്ട്ടിക്കുവിധേയയാകാതെ തന്നിഷ്ടം കാണിക്കുന്നുവെന്ന പരാതിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മുന്നോട്ടുപോകുകയാണ്.
പാര്‍ട്ടിയുമായി ചേര്‍ന്നു പോകണമെന്ന നിലപാടുമായി ഔദ്യോഗിക വിഭാഗം ഉറച്ചുനില്‍ക്കുമ്പോള്‍ ഈ മനോഭാവത്തിലാണ് കേന്ദ്രനേതൃത്വവും. കെ. സുരേന്ദ്രനെ മുഖവിലയ്ക്കെടുത്തുള്ള നീക്കുപ്പോക്കിനു മാത്രമേ കേന്ദ്രവും തല്ക്കാലം ചെവിക്കൊടുക്കുകയുള്ളൂ.
അഖിലേന്ത്യാ അധ്യക്ഷന്‍ കെ.പി. നഡ്ഡ തൃശൂരില്‍ വന്നപ്പോള്‍ പാര്‍ട്ടി യോഗത്തില്‍ ശോഭാ സുരേന്ദ്രന് പങ്കെടുത്തതു പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മഞ്ഞുരുകുന്നുവെന്നു വിശ്വസിക്കുന്നവരുണ്ട്. ശോഭാ സുരേന്ദ്രന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇതുവരെ കേന്ദ്രവും സംസ്ഥാന നേതൃത്വവും തയാറായിട്ടില്ല.
അഖിലേന്ത്യാ അധ്യക്ഷന്‍ നഡ്ഡ വന്നുവെങ്കിലും ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ തീര്‍പ്പു കല്പിക്കാനോ ഒരു മേശക്കുചുറ്റുമിരുന്നു സംസാരിക്കാനോ തയാറായിട്ടില്ല. ദേശീയജനറല്‍ സെക്രട്ടറി അരുണ്സിംഗിനെ പ്രശ്നപരിഹാരദൗത്യം ഏല്പിച്ചതു മാത്രമാണ് ഒരു പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഒരു മിനിട്ട് മാത്രം മതിയായിരുന്ന പ്രശ്നം മറ്റൊരാളെ ഏലപിച്ചതും വലിച്ചുനീട്ടി കൊണ്ടു പോകാനാണെന്ന ആക്ഷേപം ശക്തമാണ്.
പ്രശ്നപരിഹാരം അകലെ
ശോഭാ സുരേന്ദ്രനു പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉടനെയൊന്നും അവസാനിക്കില്ലെന്നാണ് ഔദ്യോഗികവിഭാഗവുമായി ചേര്‍ന്നു നില്ക്കുന്ന നേതാക്കള്‍ നല്കുന്ന സൂചന. പാര്‍ട്ടിയില്‍ ഉള്‍പ്പോര് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നാണ് ഇവരുടെ നിലപാട്.
എന്നാല്‍ സീനിയര്‍ നേതാക്കളായിട്ടും പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ സംസഥാനപാര്ട്ടി അധ്യക്ഷന്‍ കാര്യങ്ങള്‍ അടിച്ചേല്പിക്കുകയാണെന്നുമാണ് എതിര്‍വിഭാഗത്തിന്റെ നിലപാട്. തമ്മിലടിക്ക് പരിഹാരം കാണാന്‍ വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന ഔദ്യോഗിക പക്ഷം ശ്രമിക്കില്ലെന്നാണ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരും കൃഷ്ണദാസ് പക്ഷവും ആരോപിക്കുന്നത്.
ഒന്നിപ്പിക്കാൻ കേന്ദ്രനീക്കം
സംസ്ഥാന ബിജെപിയിലെ ഉള്പ്പോരില് ഇടപെട്ട് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിനായി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിനെ നിയോഗിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. സംസ്ഥാന നേതൃത്വവുമായും ശോഭാ സുരേന്ദ്രനുമായും അരുണ്‍ സിംഗ് ചര്‍ച്ച നടത്തും.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎമ്മിനു പിന്നാലെ ബിജെപിയും ഗൃഹസമ്പര്‍ക്കത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കേരളാ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.
ശബരിമല യുവതീ പ്രവേശന വിവാദം, സ്വര്‍ണക്കടത്ത്, പിന്‍വാതില്‍ നിയമനം എന്നിവ ചര്‍ച്ചയാക്കി കേരളത്തില്‍ യാത്ര വിജയിപ്പിക്കാനാണ് ബിജെപി നീക്കം. ഇതില്‍ ഒരുവിഭാഗം വിട്ടുനില്‍ക്കുമെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിനുണ്ട്. എന്നാല്‍ ശോഭാ സുരേന്ദ്രന് വിട്ടുനിന്നാലും കേരളത്തില്‍ യാത്ര വിജയമായിരിക്കുമെന്നാണ് ഔദ്യോഗികവിഭാഗത്തിന്റെ വിശദീകരണം.
1-ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്യുക. 20-നാണ് നേരത്തെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചതെങ്കിലും യോഗിയുടെ സൗകര്യാര്‍ഥമാണ് പരിപാടി ഒരു ദിവസത്തേക്ക് നീട്ടിവച്ചത്.