സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ 14 സീറ്റുകള്‍ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് ആര്‍എസ്എസ് രഹസ്യ നിര്‍ദേശം. സിപിഎമ്മിനും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും പിന്നില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് പ്രവര്‍ത്തകര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
നിലവില്‍ 35 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്കഴിഞ്ഞ തവണലഭിച്ചിരുന്നതായി ആര്‍എഎസ് ദേശീയ അധ്യക്ഷനു മുന്നില്അവതരിപ്പിച്ച കണക്കില്പറയുന്നു. ഇതില്‍ നേമത്തും കാസര്‍ഗോഡും കാട്ടാക്കടയും 45000ത്തോളം വോട്ടുകള്‍ ബിജെപിക്കുണ്ട്.
മഞ്ചേശ്വരത്ത് ഇത് അമ്പതിനായിരം കടന്നു. ആറ്റിങ്ങല്‍, കുന്ദമംഗലം, പാലക്കാട്, ഒറ്റപ്പാലം, മലമ്പുഴ, നാട്ടിക, മണലൂര്‍, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട്, മാവേലിക്കര എന്നിവിടങ്ങളില്‍ 35,000 ത്തോളംവോട്ടുകള് ബിജെപിക്ക് ലഭിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകളില്‍ ഉള്പ്പെടെയുള്ളപ്രതികരണം വച്ചുനോക്കുമ്പോള്‍ വിജയം അപ്രാപ്യമല്ലെന്നു സംഘപരിവാര്‍ കരുതുന്നു.
ക്യാന്പ് ചെയ്തു പ്രചാരണം
സംഘപരിവാര്‍ അജൻഡയുടെ ഭാഗമായാണ് ശബരിമല നാള് വഴികളുമായി ബിജെപി പ്രചരണരംഗത്തെത്തുന്നത്. സുരേന്ദ്രന് നയിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യുന്നതാകട്ടെ ആര്‍എസ്എസ് മുഖ്യനായ യോഗി ആദിത്യനാഥും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കും.
കഴിഞ്ഞ തവണ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്പ്രവര്ത്തിക്കാന് മറ്റിടങ്ങളില്‍നിന്നു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയിരുന്നു. കെ. സുരേന്ദ്രന്റെയും ഒ. രാജഗോപാലിന്റെയും മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ രീതിയില്‍ അന്തര്‍ ജില്ലകളില്‍നിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ക്യാമ്പ് ചെയ്യാന്‍ എത്തിയത്. ഇത് ഇത്തവണ 14 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും.
തീരേ സംഘടനാ സംവിധാനമില്ലാത്തിടങ്ങളില് പ്രവര്‍ത്തിക്കുന്നതിന് നേതാക്കള്‍ക്കും വിമുഖതയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രനേതാക്കളെ വിജയസാധ്യതാ മണ്ഡലങ്ങളില്‍ എത്തിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അറിയിച്ചിട്ടുണ്ട്. നിലവില്‍ ആര്‍എസ്എസ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികളായിരിക്കും വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുക.