തിരുവനന്തപുരം: സിപിഎമ്മിൽനിന്ന് കോണ്‍ഗ്രസ് വഴി ബിജെപിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായും കെ.കെ ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചതായി ശ്രീധരൻ പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത്. മോദിയെ പുകഴ്ത്തി ഫേസ്ബുക്കിൽ കുറിപ്പിട്ട സംഭവത്തിൽ കോണ്‍ഗ്രസിൽനിന്നും പുറത്താക്കപ്പെട്ടതോടെയാണ് അബ്ദുള്ളക്കുട്ടി ബിജെപിയുടെ ഭാഗമായത്. കോണ്‍ഗ്രസിൽ എത്തുന്നതിനു മുന്‍പ് സിപിഎം നേതാവായിരുന്നു അബ്ദുള്ളക്കുട്ടി.
മോദി സ്തുതിയുടെ പേരിൽ തന്നെയാണ് സിപിഎമ്മും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. തുടർന്ന് അദ്ദേഹം കോണ്‍ഗ്രസിൽ ചേരുകയും കണ്ണൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.