ആലപ്പുഴ: ചുങ്കത്ത് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുമല വാർഡിലുള്ള പാണാപറന്പിൽ അശ്വിൻദേവ് (26), മഠത്തിൽ വീട്ടിൽ അഖിൽ (28), പ്രകാശ് ഭവനിൽ സഞ്ചു പ്രകാശ് (26), കുട്ടുങ്ങൽ വീട്ടിൽ രഞ്ജിത്ത് (24),അരയശേരി വീട്ടിൽ സന്ദീപ ്(21)എന്നിവരാണ് അറസ്റ്റിലായത്.
ഡിവൈഎഫ്ഐ പ്രവർത്തകരായ പള്ളാത്തുരുത്തി വാർഡ് പള്ളിവീട്ടിൽ സുനീർ (25), കന്നിട്ടപ്പറന്പിൽ സെൽമാൻ (18), കളത്തിൽപറന്പിൽ ഷബീർ (19) എന്നിവരെയാണ് ബുധനാഴ്ച രാത്രി 10.30ഓടെ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വയറിന് പരിക്കേറ്റ സുനീറിനെ അടിയന്തര ശസ്ത്രക്രിയ യ്ക്ക് വിധേയമാക്കി. ഷബീറിന്റെ തലയ്ക്കാണ് പരിക്ക്. സുനീറിന്റെ വിവാഹം അടുത്താഴ്ച നടക്കാനിരിക്കെയാണ് ആക്രമണം. നഗരത്തിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ മൂന്ന് പേരെയും ചുങ്കം പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുവച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.