ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര നഗരസഭകളിൽ മുൻ ചെയർമാൻമാരെ പരാജയപ്പെടുത്തി ബിജെപി. ആലപ്പുഴയിൽ നഗരസഭ മുൻ ചെയർമാൻ തോമസ് ജോസഫാണ് പരാജയം ഏറ്റു വാങ്ങിയത്.
എൻഡിഎ സ്ഥാനാർഥി മനു ഉപേന്ദ്രനാണ് ഇവിടെ വിജയിച്ചത്. 100 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ തോമസ് ജോസഫിനേയും എൽഡിഎഫിന്റെ ജി. മോനിയേയും പിന്നിലാക്കി മനു ഉപേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്.
നഗരസഭ മുൻ ചെയർമാനും കോണ്‍ഗ്രസ് നേതാവുമായ തോമസ് ജോസഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
മാവേലിക്കരയിൽ നഗരസഭയുടെ മുൻ ചെയർമാനും ഡിസിസി വൈസ് പ്രസിഡന്റുമായ കെ.ആർ. മുരളീധരൻ തോറ്റതും ശ്രദ്ധേയമായി. ബിജെപി സ്ഥാനാർഥി എച്ച്. മേഘനാഥാണ് ഇവിടെ വിജയിച്ചത്.
132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥിയുടെ വിജയം എന്നത് കോണ്‍ഗ്രസിനേറ്റ വലിയ പ്രഹരമായി. 498 വോട്ടുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥി ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ മുരളീധരൻ 366, എൽഡിഎഫ് സ്ഥാനാനാർഥി ജി.രവികുമാർ 25. 2010-15 കാലഘട്ടത്തിൽ കെ.ആർ. മുരളീധരന്റെ തട്ടകമായിരുന്ന വാർഡ് 2015ൽ ബിജെപി പിടിച്ചടക്കുകയായിരുന്നു.