പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമത്വം ആരോപിച്ച് ധര്‍ണ നടത്തി ബിജെപി.
ദക്ഷിണ ദിനാജ്പൂര്‍ ജില്ലയ്ക്ക് കീഴിലുള്ള ബാലൂര്‍ഘട്ട് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാത്രി വൈകി പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
വലിയ തോതില്‍ ബൂത്തുപിടിത്തം നടന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളിലും വോട്ടെണ്ണിയ ദിവസമായ ഇന്നലെയും വന്‍സംഘര്‍ഷമാണ് പശ്ചിമബംഗാളില്‍ അരങ്ങേറിയത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഫലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിജെപിയുടെ ആരോപണം, വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ മജുംദാര്‍ പറഞ്ഞു.
”തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവെന്നും പുറത്തുവന്ന ഫലം കെട്ടിച്ചമച്ചതാണെന്നും. ബിജെപി പറഞ്ഞു.
സ്ഥലത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ (ബിഡിഒ) പക്ഷപാതപരമായി പെരുമാറിയെന്നും ഇയാള്‍ ടിഎംസിയുടെ ഏജന്റാണെന്നും മജുംദാര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ആരോപണം.
വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ഭരണകക്ഷി ക്രിമിനലുകളെ വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ കൊണ്ടുവന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടിയുടെ ബൂത്ത് ഏജന്റ്മാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന ആരോപണവും ശക്തമായിരുന്നു.
സംസ്ഥാനത്തെ 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കാണ് ആരംഭിച്ചത്. ടിഎംസി ഇതുവരെ 40000ലേറെ സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപി 9000ലേറെ സീറ്റുകളിലും വിജയം നേടി.