രാജ്യത്തെ അമ്പത് പ്രമുഖര്‍ക്കായി വിരിച്ച വല: ‘സമ്പര്‍ക്ക് സമര്‍ത്തന്‍’! കാമ്പയിന്റെ ഭാഗമായി ബാബാ രാംദേവിനോട് പിന്തുണ തേടി അമിത്ഷാ; 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കരുക്കളും നീക്കങ്ങളുമായി ബിജെപി കളത്തില്‍

ബി.ജെ.പിക്കും കോണ്‍ഗ്രസിനും അതിനിര്‍ണ്ണായകമായ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കിത്തുടങ്ങിയതായുള്ള വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തുവരുന്നു.

വ്യത്യസ്തമായ ആശയങ്ങളും മാര്‍ഗങ്ങളുമാണ് ഇതിനായി ബിജെപി കേന്ദ്രങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി ആലോചിക്കുന്നതും ചെയ്ത് വരുന്നതും. പ്രമുഖരുമായുള്ള സമ്പര്‍ക്ക പരിപാടി സജീവമാക്കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന്റെ ആദ്യ പടി തുടങ്ങുന്നത്.

‘സമ്പര്‍ക്ക് സമര്‍ത്തന്‍’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് നേതൃത്വം നല്‍കുന്നത്. കാമ്പയിനിന്റെ ഭാഗമായി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി ലഹോട്ടിയുമായി അമിത്ഷാ ഉടന്‍ കൂടിക്കാഴ്ചയും നടത്തും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി രാജ്യത്തെ 50 പ്രമുഖ വ്യക്തികളെ കാണുക എന്നാണ്’സമ്പര്‍ക്ക് സമര്‍ത്തന്‍’ പരിപാടികൊണ്ട് ബി.ജെ.പി, പ്രത്യേകിച്ച് അമിത് ഷാ പ്രധാനമായും ഉദ്ദേശിക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി പതജ്ഞലി ബ്രാന്‍ഡ് മേധാവിയും യോഗ വിദഗ്ധനുമായ ബാബാ രാംദേവിനെ അമിത് ഷാ കണ്ട വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.

ബാബാ രാംദേവിനെ സന്ദര്‍ശിച്ചെന്നും അദ്ദേഹം ക്ഷമയോടെ താന്‍ പറഞ്ഞതെല്ലാം കേട്ടെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാംദേവിനോട് വിശദീകരിച്ചെന്നും സന്ദര്‍ശന ശേഷം അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാംദേവിന്റെ സഹായമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികളെ ഒപ്പം നിര്‍ത്താന്‍ തങ്ങള്‍ക്കാകുമെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

മുന്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, നിയമജ്ഞന്‍ സുഭാഷ് കശ്യപ്, മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് തുടങ്ങിയവരുമായും അമിത്ഷാ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി സര്‍ക്കാരിന്റെ 4 വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ട് കൂടിയാണ് കൂടിക്കാഴ്ചകള്‍. ഗ്രാമങ്ങളില്‍ വീടുകള്‍ കയറി ഇറങ്ങിയുള്ള ഡോര്‍ ടു ഡോര്‍ കാമ്പയിനിനും ബി.ജെ.പി ഇതോടൊപ്പം തുടക്കം കുറിച്ചിട്ടുണ്ട്. ഒരു കോടി വീടുകളാണ് ആദ്യഘട്ട കാമ്പയിനില്‍ ലക്ഷ്യം വക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍പ് 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് ബി.ജെ.പിയെ പിന്തുണച്ചിരുന്നു. 2014ല്‍ പിന്തുണച്ച എല്ലാവരേയും കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുമെന്നും അമിത് ഷാ പറഞ്ഞു. 2019 ല്‍ വിജയിക്കാനായി തയാറാക്കുന്ന ചെറുതും വലുതുമായ എല്ലാ തന്ത്രങ്ങളുടെയും തലപ്പത്ത് തന്നെയുണ്ട് അമിത്ഷാ. കര്‍ണാടകയില്‍ വിജയിച്ചിട്ടും നേരിട്ട തിരിച്ചടി പോലുള്ള യാതൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള പഴുതടച്ച തന്ത്രങ്ങളാണ് ഷായും കൂട്ടരും ഒരുക്കുന്നത്.

Related posts