ന്യൂഡൽഹി: സ്ത്രീ വോട്ടർമാരും ബിസിനസുകാരുടെ വോട്ടുകളും അനുകുലമാകുമെന്ന പുതിയ സർവേ റിപ്പോർട്ട് ഗുജറാത്തിൽ കോൺഗ്രസിന് ആശ്വാസമാകുന്നു. പുതിയ സർവേയിൽ ഗുജറാത്തിൽ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെന്നാണ് റിപ്പോർട്ട്.
എബിപി ന്യൂസ്-സിഎസ്ഡിഎസ് ആണ് സർവേ നടത്തിയത്. ബിജെപി 95 സീറ്റും(91-99) കോണ്‍ഗ്രസ് 82 സീറ്റും(78-86) മറ്റുള്ളവർ അഞ്ചു സീറ്റും നേടുമെന്നു സർവേ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും 43 ശതമാനം വീതം വോട്ട് നേടും. നഗരമേഖലകളിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗ്രാമീണമേഖല കോണ്‍ഗ്രസിനൊപ്പമാണെന്നും സർവേ പറയുന്നു.
വടക്കൻ ഗുജറാത്തിലെ ഗ്രാമീണമേഖലകളിൽ കോണ്‍ഗ്രസിനു വൻ മുന്നേറ്റം എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവേ പ്രവചിക്കുന്നു. മധ്യ ഗുജറാത്തിലും തെക്കൻ ഗുജറാത്തിലും ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
സൗരാഷ്ട്രയിൽ ബിജെപിയും വടക്കൻ ഗുജറാത്തിൽ കോണ്‍ഗ്രസും മേധാവിത്വം നേടും. തെക്കൻ ഗുജറാത്തിലെ നഗരമേഖലകളിൽ കോൺഗ്രസ് മുന്നിലെത്തുന്പോൾ ഗ്രാമീണമേഖലകളിൽ ബിജെപിക്കാണു മുൻതൂക്കം. ബിസിനസുകാരിൽ 43 ശതമാനം കോണ്‍ഗ്രസിനും 40 ശതമാനം ബിജെപിക്കും വോട്ട് ചെയ്യുമെന്നു സർവേ പറയുന്നു. ആദ്യം പുറത്ത് വന്ന സർവേയിൽ 50 ശതമാനം സ്ത്രീ വോട്ടർമാർ ബിജെപിക്ക് അനുകൂലമായിരുന്നുവെങ്കിൽ പുതിയ സർവേയിൽ ഇത് 42 ശതമാനമായി കുറഞ്ഞു.
ബിജെപി 113-121 സീറ്റുകളും കോണ്‍ഗ്രസ് 58-64 സീറ്റുകളും നേടുമെന്നായിരുന്നു ഒരു മാസം മുന്‍പുള്ള എബിപി-സിഎസ്ഡിഎസ് സർവേയിലെ പ്രവചനം. ബിജെപിക്ക് 47 ശതമാനം വോട്ടും കോൺഗ്രസിന് 41 ശതമാനം വോട്ടുമായിരുന്നു അന്നത്തെ പ്രവചനം. 22 വർഷമായി ഗുജറാത്തിൽ ബിജെപി അധികാരത്തിൽ തുടരുകയാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിൽ 13 എണ്ണത്തിൽ മാത്രമാണു കോണ്‍ഗ്രസ് ലീഡ് നേടിയത്. 26 ലോക്സഭാ സീറ്റുകളും ബിജെപി ജയിച്ചിരുന്നു.