വിജയ് നായകനായെത്തിയ കോളിവുഡ് ചിത്രം മെർസലിനെതിരെ വാളോങ്ങിയ ബിജെപി ബോളിവുഡ് ചിത്രം “പദ്മാവതി’ക്കെതിരേയും രംഗത്ത്. സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പദ്മാവതിയായി വേഷമിടുന്ന ചിത്രം ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. റിലീസിനു മുന്‍പേ ചിത്രം ബിജെപി നേതാക്കൾക്കും മറ്റു മതസംഘടനാ നേതാക്കൾക്കുമായി പ്രദർശിപ്പിക്കണെമെന്ന് ബിജെപി ഗുജറാത്ത് ഘടകം വക്താവ് ഐ.കെ. ജഡേജ ആവശ്യപ്പെട്ടു.
“”പദ്മാവതിയും അലാവുദീൻ ഖിൽജിയും ഒരിക്കലും നേരിൽ കണ്ടിട്ടില്ല. ചിത്രം ജനങ്ങൾക്കു മുന്പിൽ എത്തുംമുന്പേ ക്ഷത്രിയ സംഘടനാ നേതാക്കളുൾപ്പെടെയുള്ളവർക്കു മുന്പിൽ പ്രദർശിപ്പിച്ച് സന്ദേഹങ്ങൾ അകറ്റാൻ അണിയറപ്രവർത്തകർ തയാറാകണം. അതിനു തയാറാകുന്നില്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം സർക്കാർ നിരോധിക്കുകയാണു വേണ്ടത്”- ജഡേജ പറഞ്ഞു. ബോളിവുഡ് താരങ്ങളായ രണ്‍വീർസിംഗ്, ഷാഹിദ് കപൂർ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പദ്മാവതി’ ഡിസംബർ ഒന്നിനു തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.