കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗത്തെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ രജീഷ്, ശരത്, ലാല്‍ ജീവന്, വൈശാഖ് എന്നിവരെയാണ് ഇന്നലെ പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തത്. ലാല്ജീവനാണ് കേസിലെ ഒന്നാംപ്രതി. ഏഴിന് രാത്രി ഒമ്പതരയോടെ പാലാരിവട്ടം ശ്രീകല റോഡില്‍ തെക്കേ മാടവന സജീവനെ(വെണ്ണല സജീവന്-47) യാണ് നാലംഗ സംഘം ആക്രമിച്ചത്. വലത് കാലൊടിഞ്ഞ സജീവനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന്റെ വരാന്തയില്‍ ഭാര്യ സ്മിതയുമായി സംസാരിച്ചിരുന്ന സജീവനെ സൗഹൃദം നടിച്ച് എത്തിയ ഇവര്‍ ആക്രമിക്കുകയായിരുന്നു. നാലംഗ സംഘത്തിലെ ലാല്ജീവനാണ് ക്രിക്കറ്റ് ബാറ്റുപോലുള്ള ആയുധംകൊണ്ട് സജീവനെ അടിച്ച് പരിക്കേല്‍പിച്ചതെന്നു പോലീസ് പറഞ്ഞു. സജീവന്റെ കൈകള്‍ രണ്ടുപേര്‍ ചേര്‍ന്ന് ബലമായി പിന്നിലേക്ക് പിടിച്ചുവയ്ക്കുകയും ലാല്ജീവന് ഇരുകാലുകളിലും കുറുവടിക്ക് അടിക്കുകയുമായിരുന്നു. നാലംഗ സംഘം വരുന്നതുകണ്ട് വീടിന് അകത്തേക്ക് പോയ സ്മിത സജീവന്റെ നിലവിളി കേട്ടാണ് തിരിച്ചെത്തിയത്. കുട്ടികള്‍ അക്രമം കണ്ട് ഭയന്ന് നിലവിളിച്ചതോടെയാണ് സംഘം പിന്തിരിഞ്ഞതെന്നും പോലീസ് പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തില്‍ നിലനില്‍ക്കുന്ന ബിജെപി – ആര്‍എസ്എസ് തര്‍ക്കം നലിനില്ക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാണ് അക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കാക്കനാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന്റെ ബന്ധുവിനെ കുറിച്ചു സജീവന് നടത്തിയ മോശമായ പരാമര്‍ശങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. മാരകമായി മുറിവേല്‍പ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍, കൂട്ടമായി ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് സി ഐ കെ.ജെ. പീറ്റര്‍ പറഞ്ഞു.