ശബരിമലയില്‍ വിവാദം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനായ യതീഷ്ചന്ദ്രയ്‌ക്കെതിരെ അന്ന് ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്നലെ പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുടെ ഭാഗമായി ഗുരുവായൂരിലെത്തിയ യതീഷ് ചന്ദ്രയ്ക്ക് ബിജെപി നേതാക്കള്‍ കൈകൊടുത്തു.
ഇവിടെ പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പായി ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് കെ.സുരേന്ദ്രനും, എ.എന്‍ രാധാകൃഷ്ണനും കമ്മീഷണറുടെ മുന്‍പിലെത്തിയത്. എന്നാല്‍ പമ്പയിലും,നിലയ്ക്കലും കണ്ട പിണക്കമൊന്നും മൂവരുടെയും മുഖത്തുണ്ടായിരുന്നില്ല. ഇവരുടെ അടുത്തേക്ക് ചിരിയോടെ നടന്നടുത്ത കമ്മീഷണറെ കൈനിട്ടി സ്വീകരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍ ചെയ്തത്.
സമരപരിപാടികളുടെ ഭാഗമായി ശബരിമലയിലേക്കെത്തിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ തടഞ്ഞതിലും, ശബരിമല സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുയര്‍ത്തി യതീഷ് ചന്ദ്രയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ബി.ജെ.പി നേതാക്കളുയര്‍ത്തിയിരുന്നത്. തൃശൂരില്‍ ഇനി യതീഷ്ചന്ദ്രയെ കാല്‍കുത്തിക്കില്ലെന്നും കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കുമെന്നും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ തുടര്‍ച്ചയായി മുന്നറിയിപ്പു നല്‍കിയിരുന്നു.