ജിബിൻ കുര്യൻ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി എ പ്ലസ് മണ്ഡലങ്ങളിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ ഒ. രാജഗോപാലിനു സീറ്റില്ല. പകരം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇവിടെ ജനവിധി തേടും. കുമ്മനം രാജശേഖരൻ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ആരംഭിച്ചു.
തൃശൂരാണ് ബിജെപി പ്രതീക്ഷിക്കുന്ന രണ്ടാമത്തെ സീറ്റ്. ഇവിടെ സന്ദീപ് വാര്യരുടെ പേരാണ് സജീവ പരിഗണനയിലുള്ളതെങ്കിലും സന്ദീപ് വാര്യരെ അവസാന നിമിഷം പാലക്കാട്ടേക്ക് മാറ്റുമെന്നാണ് സൂചന.
തൃശൂരിൽ ജില്ലാ പ്രസിഡന്റ് അനീഷ്കുമാറിന്റെ പേരാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. കോർപറേഷൻ പൂങ്കുന്നം ഡിവിഷനിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ഡോ. വി.ആതിരയെ മത്സരിപ്പിക്കണമെന്നുള്ള നിർദേശവുമായി സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തു വന്ന മണ്ഡലമാണ് തൃശൂർ നിയമസഭ മണ്ഡലം.
വട്ടിയൂർ കാവിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ പരിഗണിക്കുന്പോൾ കാട്ടക്കടയിൽ മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസിനെയാണ് രംഗത്തിറക്കാൻ ബിജെപിയുടെ തീരുമാനം.
സുരേഷ് ഗോപിയേയും ഇവിടെ പരിഗണിക്കുന്നുണ്ട്. കഴക്കൂട്ടത്ത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരാണ് സജീവ പരിഗണനയിലെങ്കിലും കേന്ദ്രനേതൃത്വം ഇതിനു അനുമതി നൽകിയിട്ടില്ല.
വടക്കൻ ജില്ലയിൽ പാലക്കാടും മലന്പുഴയും മഞ്ചേശ്വരവുമാണ് ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങൾ മലന്പുഴയിൽ കൃഷ്ണകുമാറിനെയും പാലക്കാട്ട് ശോഭസുരേന്ദ്രനെയും പരിഗണിക്കുന്നു.
മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും പ്രാദേശിക നേതൃത്വം എതിർപ്പിലാണ്. എ.പി. അബ്ദുള്ളകുട്ടിയുടെ പേരാണ് ഇവിടെ പരിഗണനിയിൽ. കോന്നി മണ്ഡലത്തിലേക്കും സുരേന്ദ്രന്റെ പേരാണ് പരിഗണനയിൽ ഒന്നാമത്.
ആറൻമുള മണ്ഡലത്തിൽ എം.ടി.രമേശ് മത്സരിക്കാനാണ് സാധ്യത. ആറൻമുളയിൽ ബിജെപിക്ക് നല്ല വോട്ടു ബാങ്കുള്ള മണ്ഡലമാണ്. മറ്റൊരു എ പ്ലസ് മണ്ഡലമാണ് ചെങ്ങന്നൂരിലേക്കും ശോഭ സുരേന്ദ്രനെ പരിഗണിക്കുന്നുണ്ട്.
മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ മടക്കി കൊണ്ടുവന്ന് ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. മുൻ സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭനെ പുതുക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കും എസ്. സുരേഷിനെ അരുവിക്കരയിലേക്കും പാർട്ടി പരിഗണിക്കുന്നുണ്ട്.
ചലച്ചിത്ര താരം കൃഷ്ണകുമാർ, മുൻ ഡിജിപി ടി.പി. സെൻകുമാർ, മുൻ വിജിലൻസ് ഡയറക്്ടർ ജേക്കബ് തോമസ് തുടങ്ങിയവരെ പൊതു സ്വതന്ത്രരായും വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി മണ്ഡലമാണ് ബിജെപിയുടെ എ പ്ലസ് മണ്ഡലം. അൽഫോൻസ് കണ്ണന്താനം, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി, എൻ. ഹരി, ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു എന്നിവരെയാണ് ഇവിടെ പരിഗണിക്കുന്നത്.