തിരുവനന്തപുരം: കഴിഞ്ഞ രാത്രിയിൽ തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നടന്ന ബിജെപി-സിപിഎം സംഘർഷത്തിനു തുടർച്ചയായി പുലർച്ചെയോടെ ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം നടന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ ആറ് കാറുകൾ അക്രമിസംഘം അടിച്ചു തകർത്തു. ഇതേത്തുടർന്ന് പുലർച്ചെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരുതംകുഴിയിലുളള വീടിനു നേരെ ഒരു സംഘം ആക്രമണം നടത്തി.
ഇന്നലെ രാത്രിയോടെ ആരംഭിച്ച സംഘർഷമാണ് തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിൽ ആരംഭിച്ച സംഘർഷമാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഇരു പാർട്ടി നേതാക്കൻമാരുടെയും വീടുകൾക്ക് നേരെ ആക്രമണത്തിലേക്ക് കലാശിച്ചത്. ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ ആക്രമണം നടത്തിയത് സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
ഐ.പി. ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നു ബിജെപി ആരോപിച്ചു. ബിജെപി ഓഫീസിനു മുന്നിൽ ഇവർ ആക്രമണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു. ഇവർ ആക്രമണം നടക്കുന്പോൾ കുമ്മനം രാജശേഖരൻ ഓഫീസിലുണ്ടായിരുന്നു. ഓഫീസിനു മുന്നിൽ മ്യൂസിയം എസ്ഐ അടക്കം അഞ്ചുപേർ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. അക്രമികൾ വന്ന ബൈക്കിന്റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച അദ്ദേഹത്തെ അക്രമിസംഘം മർദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ വീടിനുനേരെ ഉണ്ടായ കല്ലേറിൽ കാറിനും വീടിനും കേടുപറ്റി. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. കൂടാതെ കാറിന്റെ ഗ്ലാസും തകർന്നു. അക്രമം നടക്കുന്പോൾ കോടിയേരി ബാലകൃഷ്ണൻ വീട്ടിൽ ഇല്ലായിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അക്രമ സംഭവങ്ങൾ വ്യാപിക്കാതിരിക്കാൻ കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഏകെജി സെന്റർ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉൾപ്പെടെയുള്ള പാർട്ടി ഓഫീസുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആക്രമണം നടന്ന പ്രദേശങ്ങൾ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ സന്ദർശിച്ചു.
ഇന്നലെ രാത്രി ചാല, ആറ്റുകാൽ, കളിപ്പാൻകുളം മേഖലയിൽ നടന്ന സംഘർഷത്തിൽ രണ്ടു വനിതാ കൗൺസിലർമാരുടേയും സിപിഎം ഏരിയ സെക്രട്ടറിയുടേയും വീടുകളും വാഹനങ്ങളും തകർത്തിരുന്നു. ആറ്റുകാൽ വാർഡ് കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ ആർ.സി ബീനയുടെ വീട്, കളിപ്പാൻകുളം വാർഡ് കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ റസിയാ ബീഗത്തിന്റെ വീട് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സിപിഎം ചാല ഏരിയ കമ്മിറ്റി സെക്രട്ടറി എസ്എ സുന്ദറിന്റെ വീടും എബിവിപി ഏരിയ സെക്രട്ടറി സൂരജിന്റെ വീടും ാക്രമിക്കപ്പെട്ടു.
ഡിവൈഐഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐ.പി.ബിനുവിന്റെ വീടിനു നേരെ കഴിഞ്ഞ രാത്രി ആക്രമിക്കണം നടന്നു. നേരത്തേ ബിജെപി ജില്ലാ സെക്രട്ടറി സുനില്‍ കുമാറിന് വെട്ടേറ്റിരുന്നു. ഇദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, കന്റോൺമെന്റ് അസി. കമ്മിഷണൽ കെ.ഇ. ബൈജു എന്നിവര്‍ സ്ഥലത്തെത്തി. സംസ്ഥാന അധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടക്കുന്നതെന്നു ബിജെപി പറഞ്ഞു.