വി.എസ്. രതീഷ്
ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സർവശക്തിയുമുപയോഗിച്ച് വിജയം കൈപ്പിടിയിലൊതുക്കാനുള്ള ബിജെപി നീക്കത്തെ വെട്ടിലാക്കി ബിഡിജഐസ്. രണ്ട് വർഷം നീണ്ട എൻഡിഎ ബന്ധം ഉപേക്ഷിക്കാനുള്ള ബിഡിജഐസ് നേതൃത്വത്തിന്റെ തീരുമാനമാണ് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്.
മുന്നണി ബന്ധം ഉപേക്ഷിക്കുന്നതായുള്ള തീരുമാനം 14ന് ആലപ്പുഴയിലുണ്ടാകുമെന്നാണ് ബിഡിജഐസ് നേതൃത്വം വ്യക്തമാക്കുന്നത്. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവും ജനറൽ കൗണ്‍സിലും ചേരുന്ന 14ന് മുന്നണി ബന്ധം സംബന്ധിച്ച നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് ബിഡിജഐസ് സംസ്ഥാന നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് എന്ത് എന്നതു സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടാകും. കഴിഞ്ഞ കൗണ്‍സിൽ തീരുമാനപ്രകാരം പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബൂത്തുതലം മുതൽ പാർട്ടി കമ്മറ്റികൾ പുനസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിശകലനത്തിനായാണ് യോഗം വിളിച്ചിരുന്നത്.
ഇതിൽ മുന്നണി ബന്ധം സംബന്ധിച്ച അജണ്ട ഉൾപ്പെടുത്തിയിട്ടുണ്ട്. വാഗ്ദാനങ്ങൾ മാത്രം നൽകുന്ന പാർട്ടിയോടൊപ്പം മുന്നണിയിൽ തുടർന്നുപോകുകയെന്നുള്ളത് ബുദ്ധിമുട്ടാണെന്നാണ് ബിഡിജഐസ് നേതൃത്വം പറയുന്നത്. അർഹിക്കുന്ന പരിഗണന പാർട്ടിക്കുനൽകാത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധ സ്വരങ്ങളുയർത്തിയപ്പോഴൊക്കെ ബിജെപി ദേശീയ നേതൃത്വമിടപെട്ട് വാഗ്ദാനങ്ങൾ നൽകി ബിഡിജഐസിനെ ഒപ്പം നിർത്തുകയായിരുന്നു.
എന്നാൽ ഇനി ഇത്തരത്തിൽ മുന്നോട്ടുപോയതുകൊണ്ട് കാര്യമില്ലെന്നും സാമൂഹ്യനീതിയെന്ന ബിഡിജഐസിന്റെ മുദ്രാവാക്യത്തിന് മുന്നണിയിൽപോലും അർഹിക്കുന്ന പരിഗണന കിട്ടാത്ത സാഹചര്യത്തിൽ ബന്ധം ഉപേക്ഷിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ബിഡിജഐസ് മുന്നണി വിടുന്നതോടെ ബിജെപിയുടെ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
കഴിഞ്ഞദിവസം പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും പാർട്ടി പ്രതിനിധികൾക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും ഡയറക്ടർ സ്ഥാനവും നൽകുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നതിനിടയിലാണ് മുന്നണി വിടാനുള്ള ബിഡിജഐസ് തീരുമാനമുണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന ഒരു സ്ഥാനവും ഇനി സ്വീകരിക്കേണ്ടെന്ന നിലപാടും ബിഡിജഐസ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്.